ദില്ലി: ഒറ്റയടിയ്ക്കുള്ള മുത്തലാഖിനെതിരെ നിയമ പോരാട്ടം നടത്തിയവരിലൊരാളായ ഇസ്രത്ത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നു. ശനിയാഴ്ച ബംഗാളിലെ ബിജെപി നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് പാര്‍ട്ടി പ്രവേശമെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസമാണ് ലോക്‌സഭ മുത്തലാഖിനെതിരെ ബില്‍ പാസാക്കിയത്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. 

മുത്തലാഖിനെതിരായ പോരാട്ടത്തില്‍ താന്‍ ബിജെപിയെ പിന്തുണച്ചിരുന്നുവെന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ശേഷം ഇസ്ര്ത്ത് ജഹാന്‍ പറഞ്ഞു. ബിജെപി മഹിളാ മോര്‍ച്ച അധ്യക്ഷ ലോകേത് ചാറ്റര്‍ജിയാണ് ഇസ്രത്ത് ജഹാനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. ബിജെപിയില്‍ ചേര്‍ന്നതിന് ഇസ്ര്ത്തിനെ ലോകേത് അഭിനന്ദിക്കുകയും ചെയ്തു. 

മുത്തലാഖിനെതിരെ നിലകൊണ്ട താന്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കൂടുതല്‍ ഒറ്റപ്പെട്ടുവെന്നും ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും ഇസ്രത്ത് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഇസ്രത്തിന് കേന്ദ്ര സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട ലോകേത് ബംഗാള്‍ സര്‍ക്കാര്‍ ഇസ്രത്തിന് വേണ്ട പിന്തുണ നല്‍കിയില്ലെന്ന് കുറ്റപ്പെടുത്തി. 

ഇസ്രത്തിനെ ഭര്‍ത്താവ് ദുബായിയില്‍നിന്ന് ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലുകയായിരുന്നു. ഈ മൊഴിചൊല്ലല്‍ തനിയ്ക്ക് സ്വീകാര്യമല്ലെന്ന് അറിയിച്ച് ഇസ്രത്ത് കോടതിയെ സമീപിച്ചു. സമാനമായ മറ്റ് നാല് മുസ്ലീം സ്ത്രീകളുളേടതടക്കം ഏഴ് ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. തുടര്‍ന്നാണ് ഭരണഘടനാബെഞ്ച് മുത്തലാഖ് നിരോധിച്ചത്.