ദില്ലി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇന്ന് രാജ്യസഭയുടെ പരിഗണയ്ക്ക്. ബില്‍ സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ ഭേദഗതിയില്ലാതെ പാസാക്കുക കേന്ദ്രത്തിന് അസാധ്യമാണ്. അതിനിടെ ഭര്‍ത്താവ് ഫോണില്‍ വിളിച്ച് മൊഴിചൊല്ലിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ഇസ്രത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നു. 

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭയിലെത്തുമ്പോള്‍ മൂന്ന് സാധ്യതകളാണ് ഉള്ളത്. 

1. ലോക്സഭ പാസാക്കിയ ബില്‍ മാറ്റങ്ങളില്ലാതെ രാജ്യസഭയും പാസാക്കുക. 
2. പ്രതിപക്ഷത്തിന്‍റെ ഭേദഗതികളോടെ പാസാക്കുക. 
3. സെലക്ട് കമ്മിറ്റിയ്ക്ക് വിടുക.

57 അംഗങ്ങള്‍ വീതമാണ് കോണ്‍ഗ്രസിനും ബിജെപിയ്ക്കും രാജ്യസഭയിലുള്ളത്. ഇടതുപക്ഷവും അണ്ണാ ഡിഎംകെയും ബിജു ജനതാദളും എന്‍സിപിയും അടക്കം പ്രതിപക്ഷത്തുള്ള എഴുപത്തഞ്ചോളം അംഗങ്ങള്‍ക്ക് നിര്‍ദ്ദിഷ്ട ബില്‍ ചര്‍ച്ചയ്ക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന അഭിപ്രായമാണുള്ളത്. പതിനഞ്ചോളം ബിജെപിയിതര അംഗങ്ങള്‍ മാത്രമാണ് ബില്ലിനെ പിന്തുണയ്ക്കുന്നത്. 

അതിനാല്‍ ബില്‍ സെലക്ട് കമ്മിറ്റിയ്ക്ക് വിടാനാണ് സാധ്യത. ലോക്സഭയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ രാജ്യസഭയിലെ നിലപാടും പ്രധാനമാണ്. മുത്തലാഖ് ക്രിമിനല്‍ കുറ്റമായി ലോക്സഭ ബിൽ നേരത്തെ പാസാക്കിയിരുന്നു. ഇസ്രത് ജഹാന്‍റേത് ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതി മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് ഉത്തരവിട്ടത്.