കാല്‍നൂറ്റാണ്ടായി നിലനില്‍ക്കുന്ന സിപിഎം ഭരണം അവസാനിക്കുമോയെന്ന് രാജ്യം ഉറ്റുനോക്കുന്നു

അഗര്‍ത്തല: രാജ്യത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ത്രിപുരയില്‍ സിപിഎമ്മും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ത്രിപുരയില്‍ കാല്‍നൂറ്റാണ്ടായി നിലനില്‍ക്കുന്ന സിപിഎം ഭരണം അവസാനിക്കുമെന്നായിരുന്നു ഭൂരിഭാഗം എക്സിറ്റ്പോളുകളും പ്രവചിച്ചത്. അതേസമയം പ്രാദേശിക ചാനലുകള്‍ നടത്തിയ സര്‍വ്വെകളില്‍ സിപിഎം 40 മുതല്‍ 45 സീറ്റുവരെ നേടുമെന്നാണ് പറയുന്നത്. എന്നാല്‍ നിര്‍ണായക തെ‍രഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന് സി.പി. എമ്മും ബി.ജെ.പിയും ശുഭാപ്തി വിശ്വാസത്തിലാണ്.

എന്തായാലും ത്രിപുരയിലെ വോട്ടിംഗ് ശതമാനം ബിജെപി ഉയര്‍ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 36 ശതമാനത്തോളമുള്ള കോണ്‍ഗ്രസിന്‍റെ വോട്ട് ഏതാണ്ട് പൂര്‍ണമായി തന്നെ ബി.ജെ.പിക്കും മറ്റ് പാര്‍ട്ടികളിലേക്കുമായി പോകാനും സാധ്യതയുണ്ട്. 34 ശതമാനം വരുന്ന ആദിവാസി വോട്ടും 10 ശതമാനത്തോളം വരുന്ന പിന്നോക്ക സമുദായ വോട്ടും ത്രിപുര രാഷ്ട്രീയത്തിൽ ഇത്തവണ നിര്‍ണായകും. വടക്കൻ ത്രിപുരയിലെ 20 ആദിവാസി സീറ്റുകളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 19 ഇടത്ത് സിപിഎമ്മാണ് വിജയിച്ചത്.

ഇത്തവണ ആദിവാസി സംഘടനയായ ഐ.പി.എഫ്.ടിയുമായി ബി.ജെ.പി ഉണ്ടാക്കായ സഖ്യം വലിയ ചര്‍ച്ചയായിരുന്നു. ആദിവാസി സീറ്റുകളിൽ പകുതിയെങ്കിലും ബി.ജെ.പി ഐപി.എഫ്.ടി സഖ്യത്തിലേക്ക് പോകാനും ഇടയുണ്ട്. ഇതോടൊപ്പം നഗരപ്രദേശങ്ങളിലും ബി.ജെ.പിക്ക് മേൽകൈ കിട്ടിയേക്കും. അതേസമയം പരമ്പരാഗത ബംഗാളി വിഭാഗ വോട്ടും ആദിവാസി-പിന്നോക്ക വോട്ടുകളും ചതിക്കില്ലെന്ന ഉറച്ച പ്രതീക്ഷയിലാണ് സിപിഎം മുന്നോട്ടുപോകുന്നത്.