ചെങ്ങന്നൂരില്‍ ബിപ്ളബിന്‍റെ സാന്നിദ്ധ്യം ആഘോഷമാക്കി പ്രവർത്തകർ

ആലപ്പുഴ: ത്രിപുര മുഖ്യമന്ത്രി ബിപ്ളബ് കുമാർ ദേബായിരുന്നു എൻഡിഎ പ്രചാരണത്തിലെ ഇന്നത്തെ താരം. കേരള രാഷ്ട്രീയത്തിലെ മാറ്റം ചെങ്ങന്നൂരിൽ നിന്നും തുടങ്ങുമെന്ന് ബിപ്ലബ് കുമാർ ദേബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു ദിവസത്തെ പ്രചാരണത്തിനാണ് ത്രിപുര മുഖ്യമന്ത്രി ചെങ്ങന്നൂരിൽ എത്തിയത്.

ചെങ്ങന്നൂർ ചരിത്രമെഴുതും ജനം ജയിക്കും കമ്മ്യൂണിസം തോൽക്കും. കേരളം മുഴുവൻ മാറ്റം വരും. ത്രിപുരയില്‍ കമ്മ്യൂണിസ്റ്റുകാരുടെ ബന്ധുക്കൾ പോലും ഞങ്ങൾക്ക് വോട്ട് ചെയ്തു. അവരുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയായിരുന്നു അത്. സീതാറാം യെച്ചൂരിക്ക് ലെനിൻ എന്നോ സ്റ്റാലിൻ എന്നോ അല്ല അമ്മ പേരിട്ടതെന്ന് ഓര്‍ക്കുക. ഭാരതത്തെ പറ്റിയും കേരളത്തെ പറ്റിയും അറിയണമെന്നും ബിപ്ലവ് പറഞ്ഞു.

പ്രചരണത്തിന്‍റെ അവസാന ദിനങ്ങളിൽ ത്രിപുരയിലെ നായകനെ മുൻ നിർത്തി ബിജെപിയുടെ പ്രചാരണം കൊഴുത്തു.നേതാക്കളെയും പൗര പ്രമുഖരെയും കണ്ട് തുടക്കം എൻഡിഎയുടെ പ്രകടന പത്രികയും പ്രകാശനം ചെയ്തു. പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകാൻ ത്രിപുര ജയം ബിപ്ളബ് ഓർമ്മിപ്പിച്ചു. കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് ദൗത്യത്തിലും പ്രധാന എതിരാളി ഇടതുപക്ഷം തന്നെയെന്ന് ഉറപ്പിക്കുന്നുണ്ട് ത്രിപുര മുഖ്യമന്ത്രി.