വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക്: ത്രിപുരയില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം

First Published 3, Mar 2018, 11:06 AM IST
Tripura Election 2018
Highlights
  • വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക്: ത്രിപുരയില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം

അഗര്‍ത്തല: വോട്ടെണ്ണല്‍ പുരോഗമിക്കുന്ന മൂന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ത്രിപുരയിലും നാഗാലാന്‍റിലും ബിജെപിക്ക് വന്‍ മുന്നേറ്റം. മേഘാലയില്‍ കോണ്‍ഗ്രസാണ് മുന്നിട്ടു നില്‍ക്കുന്നത്. ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ത്രിപുരയില്‍ സിപിഎമ്മിനെ പിന്തള്ളി വന്‍ മുന്നേറ്റമാണ് നടത്തുന്നത്.

ത്രിപുരയില്‍ നിന്ന് ആദ്യ ഘട്ട ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍  ബിജെപിയു സിപിഎമ്മും ഒപ്പത്തിനൊപ്പമായിരുന്നെങ്കില്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബിജെപി വ്യക്തമായ ലീഡിലേക്ക് കുതിക്കുകയാണ്.

ത്രിപുരയില്‍ ഇതുവരെയുള്ള ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ആകെയുള്ള 59 സീറ്റുകളില്‍  37  സീറ്റുകളില്‍ ബിജെപി സഖ്യം വ്യക്തമായ ലീഡ് തുടരുകയാണ്. സിപിഎം ഒരു ഘട്ടത്തില്‍ കേവല ഭൂരിപക്ഷമായ 31കടന്നെങ്കിലും 23-25 വരെയുള്ള സീറ്റുകളില്‍ ഒതുങ്ങുകയാണ്. നാഗാലാന്‍റിലും ബിജെപി എന്‍ഡിപിപി സഖ്യം 31 സീറ്റില്‍ മുന്നേറുകയാണ്. എന്‍പിഎഫ് 27 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. മേഘാലയയില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. എന്നാല്‍ ഇവിടെ ആര്‍ക്കും കേവലഭൂരിപക്ഷത്തോട് അടുക്കാന്‍ സാധിച്ചിട്ടില്ല. കോണ്‍ഗ്രസ് 22 സീറ്റിലും എന്‍പിപി 14 സീറ്റും ബിജെപി അഞ്ച് സീറ്റിലും ലീഡ് ചെയ്യുകയാണ്.
 
ത്രിപുരയില്‍ കാല്‍നൂറ്റാണ്ട് നീണ്ടുനിന്ന സിപിഎം ഭരണം അവസാനിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കിയത്. എന്നാല്‍ ത്രിപുര സിപിഎമ്മിന് നഷ്ടമാകുമെന്ന തരത്തിലാണ് ഫലങ്ങള്‍ പുറത്തുവരുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍‍. 

ത്രിപുരയില്‍ അധികാരം ബിജെപി പിടിച്ചെടുക്കും എന്നാണ് ഭൂരിഭാഗം എക്സിറ്റ്പോളുകളും പ്രവചിച്ചത്. അതേസമയം ത്രിപുരയിലെ പ്രാദേശിക ചാനലുകള്‍ നടത്തിയ സര്‍വ്വെകളില്‍ സിപിഎം 40 മുതല്‍ 45 സീറ്റുവരെ നേടുമെന്ന് പറഞ്ഞപ്പോള്‍. ബി.ജെ.പിയുടെ വോട്ടുവിഹിതം 2013ലെ ഒന്നര ശതമാനത്തില്‍ നിന്ന് 45 ശതമാനത്തിലേക്ക് ഉയരാനുള്ള സാധ്യതയും സര്‍വ്വെകള്‍ നല്‍കിയിരുന്നു. 

നാഗാലാന്റില്‍ ബിജെപി-എന്‍ഡിപിപി സഖ്യവും, മേഘാലയയില്‍ ബിജെപി-എന്‍പിപി സഖ്യവും അധികാരം പിടിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്. നാഗാലാന്‍റ് എക്സിറ്റ് പോള്‍ ശരിവയ്ക്കുന്നുണ്ടെങ്കിലും മേഘാലയ മറ്റൊരു ലക്ഷണമാണ് കാണിക്കുന്നത്.

loader