ഗാന്ധി നഗറില്‍ നടന്ന ചടങ്ങില്‍ 75 പ്രവര്‍ത്തകര്‍ക്ക് ഇരു സംഘടനകളും ചേര്‍ന്ന് ത്രിശൂല വിതരണം നടത്തി. ഗോ സംരക്ഷണം, 'ലവ് ജിഹാദി'നെ പ്രതിരോധിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് ത്രിശൂലങ്ങള്‍ വിതരണം ചെയ്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് പൂവാല ശല്യം ചെയ്യാനെന്ന പേരില്‍ ഏര്‍പ്പെടുത്തിയ റോമിയോ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്കും ഇതുപയോഗിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. 

രണ്ടര വര്‍ഷത്തിനുള്ളില്‍ ഗുജറാത്തിലെ ഗാന്ധി നഗറില്‍ നാലായിരം ത്രിശൂലങ്ങള്‍ വിതരണം ചെയ്തതായി വിഎച്ച്പി ജനറല്‍ സെക്രട്ടറി മഹാദേവ് ദേശായി പറഞ്ഞു. ത്രിശൂല്‍ ദീക്ഷ എന്ന പേരില്‍ സമാനമായ ചടങ്ങുകള്‍ എല്ലാ മാസവും നടത്തുമെന്നും ദേശായി അറിയിച്ചു. 

'ത്രിശൂലങ്ങള്‍ വീട്ടില്‍ വെക്കാനല്ല, എപ്പോഴും കൊണ്ടു നടക്കാനുള്ളതാണ്'-ദേശായി പറഞ്ഞു. ആയുധ വിതരണം ശരിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ത്രിശൂലങ്ങള്‍ ആയുധങ്ങളായി കണക്കാക്കുന്നില്ലെന്നായിരുന്നു മറുപടി. പശു സംരക്ഷണത്തിനാണ് അത്. ഗോഹത്യകള്‍ തടയാന്‍ പൊലീസിന് കഴിയാത്ത സാഹചര്യത്തില്‍ ഹിന്ദു യുവാക്കള്‍ തന്നെ അതു തടയാന്‍ മുന്നിട്ടിറങ്ങുകയാണെന്നും ദേശായി പറഞ്ഞു.

 ലവ് ജിഹാദ് തടയാനും ത്രിശൂലങ്ങള്‍ ഉപയോഗിക്കുമെന്ന് ബജ്‌റംഗ് ദള്‍ നേതാവ് ശക്തി സിംഗ് സല പറഞ്ഞു.