തൃശൂര്‍: നിലംപതിച്ച വീടിന്റെ ഓര്‍മകളുമായി ദേവികയ്ക്ക് ഇനി ട്രാക്കിലിറങ്ങേണ്ട. സര്‍ക്കാര്‍ സഹായത്തില്‍ ഒരുങ്ങുന്ന സ്വപ്‌നവീടും ഭാവിയുടെ സ്വപ്‌നങ്ങളും നല്‍കുന്ന ആശ്വാസത്തിന്റെ കരുത്തില്‍ ഇനി മത്സരത്തിനിറങ്ങാം.
കോഴിക്കോട് സര്‍വകലാശാല മീറ്റില്‍ പങ്കെടുക്കാനിരിക്കുന്ന ദേവികയുടെ മനസില്‍ ചിതലെടുത്ത് നിലംപതിച്ച വീടിന്റെ ഓര്‍മകളായിരുന്നു. ആശ്വാസത്തിന്റെ വിസിരലുമായി സ്ഥലം എംഎല്‍എ അഡ്വ. വിആര്‍ സുനില്‍കുമാര്‍ എത്തിയതോടെ ദേവികയക്ക് വീണ്ടും പുതുജീവന്‍ ലഭിച്ചു.
പുതിയ വീടിന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ ചെയ്യുമെന്ന് എംഎല്‍എ ഉറപ്പുനല്‍കി. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ദേവികയ്ക്ക് വീട് നല്‍കുക. സഹായിക്കാന്‍ സന്മസുള്ളവരുടെ പിന്തുണയും തേടും. ഞായറാഴ്ച നടന്ന വാര്‍ഡ് ഗ്രാമസഭയില്‍ ദേവികയുടെ കുടുംബത്തിന്റെ പേര് മുന്‍ഗണനാ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.
സ്‌കൂളിലും കോളജിലും ഓടി നേടിയ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സൂക്ഷിക്കാന്‍ മേല്‍ക്കൂരയില്ലാത്ത വീട്ടില്‍ വിഷമിക്കുകയായിരുന്നു കായികതാരം ദേവിക. സര്‍വകലാശാല തലത്തില്‍ നിരവധി മെഡലുകള്‍ നേടിയിട്ടുള്ള ട്രാക്കിലെ താരമായ ദേവികക്ക് സ്വന്തം ജീവിതവും മത്സരത്തിന്റേതായിരുന്നു.

പുത്തന്‍ചിറ പഞ്ചായത്തിലെ തേലപ്പറമ്പില്‍ വിജയന്റെ മകളായ ദേവിക ഈ മാസം അവസാനം നടക്കുന്ന കോഴിക്കോട് സര്‍വകലാശാല മീറ്റില്‍ 3,000, 1,500 മീറ്റര്‍ ഓട്ടത്തില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണത്.
കൊടുങ്ങല്ലൂര്‍ കെകെടിഎം കോളജിലെ ബിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ഹോട്ടല്‍ തൊഴിലാളിയായ വിജയന്റെ സാമ്പത്തിക പ്രയാസം കാരണം സമയത്തിന് അറ്റകുറ്റപ്പണികള്‍ നടത്താനാകാത്തതാണ് വീടിന്റെ തകര്‍ച്ചക്കിടയാക്കിയത്. മുന്‍ഭാഗം ഒഴികെയുള്ള ഭാഗങ്ങള്‍ തകര്‍ന്നുവീണതിനാല്‍ ദേവികയും കുടുംബവും അയല്‍വാസിയുടെ വീട്ടില്‍ അഭയം തേടി. അമ്മ ഉഷ സമീപത്തെ ക്ഷേത്രത്തിലെ സഹായിയാണ്.

രണ്ട് ഡസനിലധികം മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും തകര്‍ന്നു വീണ വീടിനകത്ത് കൂട്ടിവച്ചിരിക്കുകയാണ്. ആകെയുള്ള 15 സെന്റ് സ്ഥലത്തെ വീടിനകത്ത് സ്വന്തം കഠിനപ്രയത്‌നത്തില്‍ നേടിയ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സംരക്ഷിക്കാനും സുരക്ഷിതമായി അന്തിയുറങ്ങാനും കഴിയാതെ വേദനിക്കുമ്പോഴായിരുന്നു ദേവികയെ കാണാന്‍ എംഎല്‍എയെത്തിയത്. ചെറുതാണെങ്കിലും അടച്ചുറപ്പുള്ള കോണ്‍ക്രീറ്റ് വീടാണ് സ്വപ്നമെന്ന് ദേവിക എംഎല്‍എയോട് പറഞ്ഞു. സ്‌കൂള്‍തലം മുതല്‍ ദീര്‍ഘദൂര ഓട്ടക്കാരിയാണ് ദേവിക. സ്ംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മത്സരിച്ചിട്ടുള്ള ദേവിക ജില്ലാതല വ്യക്തിഗത ചാമ്പ്യനായിരുന്നു.
