സർക്കാർ, സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്ക് വീടുകളിലേക്കു മടങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ അത്തരം ഹോസ്റ്റലുകൾ ഓണാവധി ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ അടയ്ക്കരുതെന്നും കളക്ടർ വാസുകി നിർദേശം നൽകി. ഈ ദിവസങ്ങളിൽ ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ നൽകുകയും വേണം. 

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളക്കെടുതികളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സന്നദ്ധ സേവകരായെത്തുന്ന വിദ്യാർഥികൾക്ക് ഈ ദിവസങ്ങളിൽ ഹാജർ നൽകാൻ വിദ്യാഭ്യാസ സ്ഥാപന മേലധികാരികൾക്കു ജില്ലാ കളക്ടർ ഡോ. കെ. വാസുകി നിർദേശം നൽകി.

 കളക്ഷൻ സെന്ററുകൾ, ദുരിതാശ്വാസ ക്യാമ്പുകൾ, വിമാനത്താവളത്തിലെ കാർഗോ കേന്ദ്രം, വ്യോമസേനയുടെ ടെക്‌നിക്കൽ ഏരിയ എന്നിവിടങ്ങളിൽ നൂറുകണക്കിനു വിദ്യാർഥികളാണു വൊളന്റിയർമാരായി സേവനം ചെയ്യുന്നത്. ഇവരുടെ നിസ്വാർഥ സേവനം വിലമതിക്കാനാവാത്തതാണെന്നും ഹാജർ നൽകണമെന്ന നിർദേശം പാലിക്കാത്ത സ്ഥാപന മേലധികാരികൾക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം നടപടിയെടുക്കുമെന്നും കളക്ടർ അറിയിച്ചു.

കാലവർഷ കെടുതികളെത്തുടർന്ന് സർക്കാർ, സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്ക് വീടുകളിലേക്കു മടങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ അത്തരം ഹോസ്റ്റലുകൾ ഓണാവധി ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ അടയ്ക്കരുതെന്നും കളക്ടർ വാസുകി നിർദേശം നൽകി. ഈ ദിവസങ്ങളിൽ ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ നൽകുകയും വേണം. നിർദേശം പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും.