ലിംഗമാറ്റ ശസ്‌ത്രക്രിയക്ക് രഹ്‍ന താല്‍പര്യം പ്രകടിപ്പിച്ചിരുന്നെന്നും എന്നാല്‍ മാതാപിതാക്കള്‍ അനുമതി നല്‍കിയില്ലെന്നുമാണ് സഹപാഠിയുടെ മൊഴി.

തിരുവനന്തപുരം: ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ് പെണ്‍കുട്ടിയുടെ മരണം കടുത്ത മാനസിക സംഘര്‍ഷം മൂലമുള്ള ആത്മഹത്യയെന്ന് പൊലീസ് കണ്ടെത്തല്‍. വിഷാദ രോഗത്തിന് രഹ്‍ന ചികിത്സ തേടിയതായി അന്വേഷണത്തില്‍ വ്യക്തമായി. അതേസമയം രഹ്‍ന ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

തിങ്കളാഴ്ച രാവിലെയാണ് പനവിളയിലുള്ള അസ്വബര്‍ ഓര്‍ഫനേജ്‌ ഹോസ്റ്റലിന്‍റെ മൂന്നാം നിലയില്‍ നിന്നുവീണ് രഹ്‍നക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ ഗുതുരമായ പരിക്കാണ് മരണ കാരണം. മൊബൈല്‍ ഫോണില്‍ സംസാരിക്കവേ അബദ്ധത്തില്‍ താഴേക്ക് വീണതാകാമെന്നായിരുന്നു പൊലീസിന്‍റെ ആദ്യ സംശയം. എന്നാല്‍ രഹ്‍നയുടെ റൂം പരിശോധിച്ച പൊലീസ്, ഫോണ്‍ കണ്ടെടുത്തു. രഹ്‍നയുടെ മൊബൈല്‍ ഫോണിലെ വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചു. ഹോസ്റ്റല്‍ സഹപാഠികളുടെ മൊഴിയും രേഖപ്പെടുത്തി.

ലിംഗമാറ്റ ശസ്‌ത്രക്രിയക്ക് രഹ്‍ന താല്‍പര്യം പ്രകടിപ്പിച്ചിരുന്നെന്നും എന്നാല്‍ മാതാപിതാക്കള്‍ അനുമതി നല്‍കിയില്ലെന്നുമാണ് സഹപാഠിയുടെ മൊഴി. രഹ്‍ന ആണ്‍കുട്ടികളെ പോലെ മുടി വെട്ടിയതിലും മാതാപിതാക്കള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കുറച്ച് മാസങ്ങളായി രഹ്‍ന വിഷാദ രോഗത്തിന് അടിമയാണ്. ചികിത്സിച്ച ഡോക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. അതേസമയം ലിംഗ മാറ്റ ശസ്‌ത്രക്രിയ സംബന്ധിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. വ്യാജ പ്രചരണത്തിനെതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കും.