തിരുവനന്തപുരം: മേയറെ ആക്രമിച്ച കേസില്‍ പ്രതികളായ ബിജെപി കൗണ്‍സിലര്‍മാരെ ഇന്ന് അറസ്റ്റ് ചെയ്യും. ആശുപത്രിയിലെത്തിയാകും അറസ്റ്റ് രേഖപ്പെടുത്തുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍മാരുടെ അറസ്റ്റില്‍ നിന്നും പൊലീസ് ഇന്നലെ പിന്‍മാറിയത്. 

രണ്ടുവട്ടം ആശുപത്രിയില്‍ പൊലീസ് എത്തിയിരുന്നു. അറസ്റ്റ് ചെയ്ത് നീക്കാന്‍ ഡോക്ടര്‍മാരും അനുവദിച്ചില്ല. അറസ്റ്റ് തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചതോടെ പൊലീസ് പിന്‍മാറി. പക്ഷെ നിയമനുസരണം ജാമ്യാമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിനാല്‍ അറസ്റ്റ് ഒഴിവാക്കാന്‍ കഴിയില്ലെന്ന് പൊലീസ് പറയുന്നു. 

ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് ആലോചിക്കുന്നത്. പൊലീസ് കാവലില്‍ ആശുപത്രിയില്‍ തന്നെ ചികിത്സ തുടരാന്‍ അനുവദിച്ചേക്കും. കൗണ്‍സിലര്‍മാരായ ഗിരികുമാര്‍, ബീന എന്നിവരുടെ അറസ്റ്റാകും രേഖപ്പെടുത്തുക. സിപിഎമ്മിന്റെ കടുത്ത വിമര്‍ശനം നേരിടുന്ന പൊലീസിന് മുഖം രക്ഷിക്കാന്‍ അറസ്റ്റ് അനിവാര്യമാണ്. ഇതിനായി ചില സമയവായ ചര്‍ച്ചകളും പൊലീസ് അണിയറയില്‍ നടത്തുന്നുണ്ട്. 

ഇതിനിടെ ആശുപത്രിയില്‍ കഴിയുന്ന മറ്റൊരു ബിജെപി കൗണ്‍സിലര്‍ ലക്ഷ്മിയെ ജാതിപേര്‍ വിളിച്ചു പരിഹസിച്ചതിന് മേയര്‍ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പരാതിയില്‍ ദേശീയ പട്ടികജാതി കമ്മീഷനംഗം മുരുകന്‍ ലക്ഷ്മയുടെ മൊഴി രേഖപ്പെടുത്തും. കേസിന്റെ വിശാംശങ്ങളും സിറ്റി പൊലീസ് കമ്മീഷണറില്‍ നിന്നും കമ്മീഷന്‍ തേടാന്‍ സാധ്യതയുണ്ട്. 

മേയറെ ആക്രമിച്ച സംഭവത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിനെ ഇന്ന് റിമാന്‍ഡ് ചെയ്യും. ബിജെപി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയാമ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.