തിരുവനന്തപുരം: നാഗ്പൂരില്‍ നടന്ന ഇന്‍ഫെക്ഷ്യസ് ഡിസീസ് വിദഗ്ദ്ധരുടെ ദേശീയ സമ്മേളനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് പുരസ്കാരം. മികച്ച പ്രബന്ധാവതരണത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ് രഘുകുമാര്‍ കരസ്ഥമാക്കി.
ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് സൊസൈറ്റി നടത്തിയ ദേശീയ പ്രശ്‌നോത്തരിയില്‍ മെഡിസിന്‍ വിഭാഗത്തിലെ ജൂനിയര്‍ റെസിഡന്റായ ഡോ. വിജയ് നാരായണന്‍, ഡോ. നിധിന്‍ ആര്‍ എന്നിവര്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ഇന്‍ഫെക്ഷ്യസ് ഡിസീസ് വിദഗ്ദ്ധരുടെ ദേശീയ സമ്മേളനമാണ് സിഡ്‌സ്‌കോണ്‍ 2017.
എച്ച്.ഐ.വി.യും ക്ഷയരോഗവുമുള്ള രോഗികളില്‍ ചികിത്സയ്ക്കിടെയുണ്ടാകുന്ന കരള്‍ വീക്കത്തിന്റെ കാരണങ്ങളെക്കുറിച്ചാണ് ഡോ. അരവിന്ദ് രഘുകുമാറിന്‍റെ പഠനം. അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. അതുല്‍ ഗുരുദാസ്, ഡോ. കിരണ്‍ കുമാര്‍ എന്നിവരും പഠനത്തില്‍ പങ്കാളികളായി.
