അഖിലേന്ത്യാ തലത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ വിജയശതമാനം കുറഞ്ഞപ്പോള്‍ തിരുവനന്തപുരം മേഖലയില്‍ റെക്കോര്‍ഡ് ജയം. 97.32 ആയിരുന്നു കഴിഞ്ഞവര്‍ഷം അഖിലേന്ത്യാ വിജയശതമാനം. മുന്‍വര്‍ഷം തിരുവനന്തപുരം മേഖലയുടെ വിജയം 99.21. ഇത്തവണ ഏതാണ്ട് സമ്പൂര്‍ണ്ണ വിജയമെന്ന 99.87 ശതമാനത്തിന്റെ റെക്കോര്‍ഡ് നേട്ടമാണ് കേരളത്തിലെ സ്കൂളുകള്‍ നേടിയത്. 74085 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 73,987 പേരും ഉന്നത പഠനത്തിന് യോഗ്യത നേടി. തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തിയപ്പോള്‍ 99.69 ശതമാനവുമായി ചെന്നൈ മേഖല രണ്ടാമതെത്തി. 

മൂന്ന് വര്‍ഷം മുമ്പ് മാത്രമാണ് കേരളത്തിലെ സിബിഎസ്ഇ സ്ക്കൂളുകള്‍ ചേര്‍ത്ത് തിരുവനന്തപുരം മേഖല രൂപീകരിച്ചത്. അന്ന് മുതല്‍ തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാമത്. 2013 വരെ കേരള സ്ക്കൂളുകള്‍ ചെന്നൈ മേഖലക്ക് കീഴിലായിരുന്നു. കേരള സ്ക്കൂളുകളുടെ മികവില്‍ 2013 വരെ ചെന്നൈ മേഖലക്കായിരുന്നു ഏറ്റവും ഉയര്‍ന്ന വിജയം. ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയിലെ വിജയം 96.59 ശതമാനമാണ്. എസ്എസ്എല്‍സിയെക്കാള്‍ മൂന്ന് ശതമാനത്തിലേറെ വിജയമാണ് സിബിഎസ്ഇക്ക്.