തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ 10 മുതൽ ആരംഭിക്കാൻ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ വിളിച്ചു ചേർത്ത മൽസ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനിച്ചു.
 കഴിഞ്ഞ വർഷം 47 ദിവസമായിരുന്നു ട്രോളിങ് നിരോധനം. 

ഈ വർഷം 52 ദിവസമാക്കാൻ യോഗത്തിൽ ധാരണയായി. ദേശീയ ട്രോളിങ് നയത്തിന്റെ ഭാഗമായി 61 ദിവസത്തെ ട്രോളിങ് നിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കാൻ സംസ്ഥാനം ഉദ്ദേശിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് ദിവസത്തെ വർദ്ധനവ് ഈ വർഷം നടപ്പിലാക്കുന്നത്. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി എല്ലാ ഉദ്യോഗസ്ഥർക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.


എല്ലാ തീരദേശ ജില്ലകളിലും ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. മൺസൂൺ സീസണിൽ മൽസ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് സർക്കാർ സംവിധാനങ്ങൾക്ക് പുറമേ സ്വകാര്യ ബോട്ടുകളും ഉപയോഗപ്പെടുത്താൻ ആലോചിക്കുമെന്നും യോഗം തീരുമാനിച്ചു.