ദില്ലി: നിങ്ങള്‍ നന്നായി ഉറങ്ങിക്കോളൂ... പാകിസ്ഥാന്‍ വ്യോമസേന ഉണര്‍ന്നിരിപ്പുണ്ട്. ഇന്നലെ അര്‍ധരാത്രി 12  മണിയോടെ പാകിസ്ഥാന്‍ ഡിഫന്‍സ് എന്ന ട്വിറ്റര്‍ പേജില്‍ നിന്ന് വന്ന ഒരു ട്വീറ്റാണിത്. പാകിസ്ഥാന്‍ വ്യോമസേനയുടെ പ്രമോഷനായി പ്രവര്‍ത്തിക്കുന്ന ഒരു പേജാണ് പാകിസ്ഥന്‍ ഡിഫന്‍സ്.

ഈ ട്വീറ്റ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇന്ത്യ നിയന്ത്രണ രേഖ കടന്ന കനത്ത തിരിച്ചടി നല്‍കിയത്. പാകിസ്ഥാന്‍ യുദ്ധവിമാനത്തിന്‍റെ ചിത്രം ഉള്‍പ്പെടുത്തി നല്‍കിയ ഈ ട്വീറ്റ് ഇപ്പോള്‍ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. പാകിസ്ഥന്‍ ഡിഫന്‍സ് പേജിനെ ഇപ്പോള്‍ ട്രോളുകളും പരിഹാസശരങ്ങള്‍ കൊണ്ടും മൂടുകയാണ് സോഷ്യല്‍ മീഡിയ.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. ബാലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്‍റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ആക്രമിച്ച് തകർത്തതായി ഇന്ത്യ വ്യക്തമാക്കി.

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്‍റെ ഭാര്യാ സഹോദരനും ജയ്ഷെ കമാൻഡറുമായ യൂസുഫ് അസർ അഥവാ ഉസ്താദ് ഖോറി എന്നിവരുൾപ്പടെ നിരവധി ജയ്ഷെ നേതാക്കളെയും വധിച്ചതായും ഇന്ത്യ വ്യക്തമാക്കി. ഇത് പാകിസ്ഥാനെതിരെയുള്ള ഒരു സൈനിക നീക്കമല്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നു.

അതിർത്തിയിൽ ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങൾക്ക് നേരെ മാത്രമാണ് ഇന്ത്യ ആക്രമണം നടത്തിയിട്ടുള്ളത്. ഇന്ത്യയ്ക്ക് നേരെ ആക്രമണങ്ങളുണ്ടാകുമെന്ന് ഇന്‍റലിജൻസ് കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി. ഇതിനായി ഫിദായീൻ തീവ്രവാദികളെ പരിശീലിപ്പിക്കുന്നതായും വിവരം ലഭിച്ചു. ഈ സാഹചര്യത്തിൽ പാകിസ്ഥാനിൽ നിന്ന് തന്നെയുള്ള വിവരങ്ങൾ വച്ച് ജയ്ഷെയുടെ ഏറ്റവും വലിയ കേന്ദ്രം ആക്രമിച്ച് തകർക്കുകയായിരുന്നു. - വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു.