ഹൈദരാബാദ്: സൗജന്യ സാരിവിതരണം കൂട്ടത്തല്ലായി, സർക്കാരിന് ആകെ നാണക്കേടായി. തെലങ്കാന സർക്കാർ പാവപ്പെട്ട സ്ത്രീകൾക്കായി നടത്തിയ സൗജന്യ സരിവിതരണമാണ് സംഘർഷത്തിൽ അവസാനിച്ചത്. ദസറയോട് അനുബന്ധിച്ചുള്ള ബത്തുകമ്മ ഉൽസവത്തിന്റെ ഭാഗമായാണ് തെലങ്കാന സർക്കാർ സൗജന്യമായി സാരി വിതരണം നടത്തിയത്.
ഭരണകക്ഷിയായ ടിആർഎസിന്റെ നേതാക്കളാണ് സാരി വിതരണം നടത്തുന്നത്. എന്നാൽ ഹൈദരാബാദിനടുത്ത സായ്ദാബാദിൽ നടത്തിയ ചടങ്ങിൽ സാരി വാങ്ങാനെത്തിയ സ്ത്രീകൾ തമ്മിൽ അടിപിടിയായി. തർക്കത്തിലായ സ്ത്രീകൾ തമ്മിൽ ഉന്തും തള്ളുമുണ്ടാകുന്നതിന്റെയും മുടിയിൽ പിടിച്ചു വലിക്കുന്നതിന്റെയും ദൃശ്യങ്ങൾ ദേശീയ ചാനലുകൾ സംപ്രേഷണം ചെയ്തു. മറ്റിടങ്ങളിൽ സംഘർഷമുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൗജന്യമായി ലഭിച്ച സാരികൾ സ്ത്രീകൾ കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രതിപക്ഷമാണ് ഇത്തരം വീഡിയോകൾക്കു പിന്നിലെന്ന് ടിആർഎസ് ആരോപിച്ചു. സാരികൾ മോശം ഗുണമേൻമയിലുള്ളതാണെന്നു സ്ത്രീകൾ ആരോപിക്കുന്നു.
തിങ്കളാഴ്ച മുതൽ മൂന്നു ദിവസമാണ് സാരി വിതരണം. 1.04 കോടി സാരികളാണു നൽകുക. പദ്ധതിക്കായി ചന്ദ്രശേഖര റാവു സർക്കാർ 222 കോടി രൂപയാണു ചെലവിടുന്നത്. പകുതി സാരികൾ സംസ്ഥാനത്തുതന്നെയാണ് നിർമിച്ചത്. ബാക്കിയുള്ളവ ഗുജറാത്തിലെ സൂററ്റിൽ നിന്ന് എത്തിക്കുകയായിരുന്നു.
ആദ്യ ഘട്ടത്തിൽ ദാരിദ്യ്രരേഖയിൽ താഴെയുള്ള 18 വയസ്സായ എല്ലാ വനിതകൾക്കും സാരി ലഭിക്കും. ജയലളിതയുടെ അമ്മ സാരി പദ്ധതിക്കു സമാനമായാണ് തെലങ്കാന സർക്കാരും പദ്ധതികൾ ക്രമീകരിച്ചിരുന്നത്.
