ഹൈദരാബാദ്: രണ്ടാം വിവാഹം ചോദ്യം ചെയ്ത ഭാര്യയെ പൊതുവഴിയിലിട്ട് മര്‍ദ്ദിച്ച് തെലുങ്കാന രാഷ്ട്ര സമിതി നേതാവ്. ആദ്യവിവാഹം നിയമപരമായി അസാധുവാക്കുന്നതിന് മുമ്പെ മറ്റൊരു വിവാഹം കഴിച്ചത് ചോദ്യം ചെയ്തതിനാണ് ശ്രീനിവാസ റെഡ്ഡി ഭാര്യ സംഗീതയെ പൊതുവഴിയിലിട്ട് മര്‍ദ്ദിച്ചത്. കാഴ്ചക്കാരില്‍ ചിലര്‍ പകര്‍ത്തിയ മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ഞായറാഴ്ചയാണ് തന്‍റെ ഭര്‍ത്താവ് ഓഗസ്റ്റില്‍ മറ്റൊരു വിവാഹം ചെയ്ത വിവരം സംഗീത അറിയുന്നത്. ഇതോടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഇവര്‍ റെഡ്ഡിയുടെ വീട്ടിലെത്തുകയായിരുന്നു. ശ്രീനിവാസ റെഡ്ഡിയുടെ വീട്ടിലെത്തിയ സംഗീത വിവാഹം ചോദ്യം ചെയ്തതോടെ ഇയാള്‍ സംഗീതയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഗീതയുടെ കുടുംബം ഇവരെ റെഡ്ഡിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാള്‍ അതിക്രൂരമായി മര്‍ദ്ദനം തുടരുകയായിരുന്നു.
നാല് വര്‍ഷം മുമ്പാണ് റെഡ്ഡിയും സംഗീതയും തമ്മില്‍ വിവാഹിതരാകുന്നത്. എന്നാല്‍ പെണ്‍കുഞ്ഞ് ജനിച്ചതോടെ റെഡ്ഡിയ്ക്ക് തന്നോടുള്ള സമീപനം മാറിയെന്ന് സംഗീത പറഞ്ഞു. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ സ്ത്രീധനം കുറഞ്ഞുപോയെന്ന പേരില്‍ റെഡ്ഡിയും കുടുംബവും തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന് കാണിച്ച് സംഗീത നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു. നിലവിലെ സംഭവത്തെ തുടര്‍ന്ന് സംഗീത കൊലപാതക ശ്രമത്തിന് മെഡിപ്പള്ളി പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ കേസെടുത്ത പോലീസ് റെഡ്ഡിയെ കസ്റ്റഡിയിലെടുത്തു.
