Asianet News MalayalamAsianet News Malayalam

ട്രക്കിടിച്ച് പശുക്കള്‍ ചത്തു; ഗോരക്ഷകരെ ഭയന്ന് പുഴയില്‍ ചാടിയ ഡ്രൈവര്‍ മരിച്ചു

Truck Driver Killed Fell In River
Author
First Published Aug 7, 2016, 7:40 AM IST

സുല്‍ത്താന്‍പൂര്‍: ഗോ സംരക്ഷണ സേനയുടെ മർദ്ദനം ഭയന്ന് പുഴയിൽ ചാടിയ ട്രക്ക് ഡ്രൈവർ മരിച്ചു. മധ്യപ്രദേശിലെ സുൽത്താൻപൂരിലാണ് സംഭവം. ഗോരക്ഷകർക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷ വിമർശനം ഉന്നയിച്ച് മണിക്കൂറുക്കകമാണ് ഗോരക്ഷകരെ ഭയന്ന് ഒരാള്‍ മരിക്കാനിടയാക്കിയ സംഭവം. ബര്‍ണാനദിയില്‍ ചാടിയ മനുഭായ് എന്ന ട്രക്ക് ഡ്രൈവറാണ് മരിച്ചത്.

വെള്ളിയാഴ്ച്ച ചരക്കെടുക്കുന്നതിനായി സൂറത്തിലേക്ക് പോകുകയായിരുന്ന മനുഭായിയുടെ ട്രക്ക് സുൽത്താൻപൂരിൽ വെച്ച് മൂന്ന് പശുക്കളെ ഇടിക്കുകയും പശുക്കൾ ചാവുകയും ചെയ്തിരുന്നു. സംഭവം കേട്ടറിഞ്ഞ് പ്രദേശവാസികള്‍ വന്ന് അസഭ്യവർഷം തുടങ്ങി. തങ്ങൾ മർദ്ദിക്കപ്പെടും എന്ന ഘട്ടമെത്തിയപ്പോള്‍ ഭയന്ന് ട്രക്ക് ഡ്രൈവറും താനും അടുത്തുള്ള ബർണാ നദിയിലേക്ക് ചാടുകയായിരുന്നെന്നാണ് ക്ലീനർ മുഹ്സീൻ റെയിസ് പൊലീസിന് നൽകിയ മൊഴി.

തുടർന്ന് മുഹ്സിൻ റെയിസ് നദിയിലെ ഒരു പാറയിൽ അഭയം കണ്ടെത്തിയെങ്കിലും ഡ്രൈവർ മനുഭായിയെ കുറിച്ച് വിവരമുണ്ടായിരുന്നില്ല. ശനിയാഴ്ച്ച വൈകീട്ടാണ് മനുഭായിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഡ്രൈവർക്കെതിരെ കന്നുകാലികൾക്കെതിരെയുള്ള അക്രമം തടയൽ നിയമം അനുസരിച്ച് കേസെടുത്തിരുന്നു.

സ്വന്തം തെറ്റുകൾ മറച്ച് വയ്ക്കാനാണ് ഗോരക്ഷയുടെ മറവിൽ സാമൂഹ്യദ്രോഹികൾ അക്രമസംഭവങ്ങൾ അഴിച്ചുവിടുന്നതെന്നാണ് പ്രധാനമന്ത്രി ഇന്നലെ ടൗൺഹാൾ പ്രസംഗത്തിൽ പറഞ്ഞത്.

Follow Us:
Download App:
  • android
  • ios