വാഷിംഗ്ടണ്‍: തനിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ബരാക് ഒബാമയെന്ന് അമരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ്ട്രം ട്രംപ്. രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായാണ് പ്രതിഷേധങ്ങളെന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. രാജ്യത്തിനകത്തും പുറത്തും ട്രംപിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധം കനക്കുമ്പോഴാണ് പുതിയ ആരോപണവുമായി ട്രംപ് രംഗത്തെത്തുന്നത്.

തന്റെ ഭരണത്തിനെതിരെ നടക്കുന്നത് സംഘടിത പ്രക്ഷോഭങ്ങള്‍ ആണ്. ഇതിനു പിന്നില്‍ ഒബാമയും അദ്ദേഹത്തിന്റെ കൂടെയള്ളവരുമാണെന്ന് ട്രംപ് ആരോപിച്ചു. വൈറ്റ് ഹൗസില്‍ നിന്നും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതിന് പിന്നിലും ഒബാമ അനുകൂലികള്‍ക്ക് പങ്കുണ്ട്. ദേശീയ സുരക്ഷയെ തന്നെ ചോദ്യം ചെയ്യുന്ന പല വിവരങ്ങളും ചോര്‍ന്നു. എന്തൊക്കെയാണ് പിന്നണിയില്‍ നടക്കുന്നതെന്ന് പലപ്പോഴും മനസ്സിലാക്കാന്‍ കഴിയില്ല. എന്നാല്‍ എല്ലാം രാഷ്‌ട്രീയപ്രേരിതമാണ്. ഇത് ഇനിയും തുടരുമെന്ന് തനിക്കറിയാമെന്നും ട്രംപ് പറഞ്ഞു.

ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രംഗത്തിറങ്ങിയ ഓര്‍ഗനൈസേഷന്‍ ഫോര്‍ ആക്ഷന്‍ എന്ന സംഘടനയാണ് മുസ്ലീം രാജ്യങ്ങളിലുളളവരെ വിലക്കിയ നയത്തിനെതിരെ തെരുവുകളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. എന്നാല്‍ ഒബാമയ്‌ക്കെതിരായ ആരോപണങ്ങളില്‍ കൃത്യമായ തെളിവുകളൊന്നും നല്‍കാന്‍ ട്രംപിന് കഴിഞ്ഞില്ല. ട്രംപിന്റെ പുതിയ പ്രസ്താവനെ കുറിച്ച് വൈറ്റ്ഹൗസിന്റ ഔദോഗിക വിശദീകരണം വന്നിട്ടില്ല. പ്രസിഡന്റ് പദവിയിലെത്തിയതിന് ശേഷം ഇതാദ്യമായിട്ടാണ് ഒബാമക്ക് എതിരെ രൂക്ഷമായ ആരോപണങ്ങളുമായി ട്രംപ് എത്തുന്നത്.