വാഷിങ്ടണ്‍: ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്നതിനെതിരെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ബൈക്കുകള്‍ക്ക് ഇന്ത്യയിലെ ഭരണകൂടം 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ട്രെംപ് പറഞ്ഞു. 

ഇന്ത്യന്‍ വാഹനങ്ങള്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ നികുതി നല്‍കേണ്ടതില്ല. ഇന്ത്യന്‍ കമ്പനികള്‍ ഈ ആനൂകൂല്യം പറ്റുകയും അതേസമയം തന്നെ അമേരിക്കന്‍ കമ്പനികള്‍ ഇറക്കുമതി തീരുവ നല്‍കുന്നതും അംഗീകരിക്കാനാവില്ലെന്ന് ട്രംപ് പറഞ്ഞു. സ്റ്റീല്‍ നിര്‍മാതാക്കളോട് അടക്കം ചര്‍ച്ച ചെയ്താണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് ഇറക്കുമതി തീരുവ ഇടാക്കുന്നത് പരിഗണിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന ബൈക്കുകള്‍ക്ക് 75 ശതമാനം തീരുവ ഈടാക്കിയിരുന്നത് ഇപ്പോള്‍ 50 ശതമാനമാക്കിയാണ് ഇന്ത്യ കുറച്ചിരിക്കുന്നത്. ഇത് മതിയാവില്ലെന്നും അമേരിക്കയിലേക്ക് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ആയിരക്കണക്കിന് ബൈക്കുകള്‍ക്ക് നികുതി ഇല്ലെന്നിരിക്കെ ഇതേ നിലപാട് ഇന്ത്യയും സ്വീകരിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.