വാഷിംങ്​ടണ്‍: വൈറ്റ് ഹൗസ് ഈദ് ആഘോഷങ്ങള്‍ ഒഴിവാക്കി. രണ്ടു ദശകങ്ങളായി റമദാനിൽ വൈറ്റ്​ ഹൗസിൽ  നടത്തി വരുന്ന വിരുന്നാണ്​ ഡൊണാൾഡ്​ ട്രംപ്​ അവസാനിപ്പിച്ചതെന്ന് ബിബിസി ഉള്‍പ്പെടെയുള്ള വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റമദാൻ മാസാവസാനം വൈറ്റ് ഹൗസ് നല്‍കി വരുന്ന ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കാതെ പകരം ഈദ് ദിന സന്ദേശങ്ങളിൽ ആഘോഷം ഒതുക്കുകയാണുണ്ടായത്​.        

ശനിയാഴ്ചയാണ് വൈറ്റ് ഹൗസ് ഇത്തവണത്തെ ഈദ് ദിന സന്ദേശം നല്‍കിയത്. സാധാരണ സന്ദേശത്തോടൊപ്പം ഇഫ്താര്‍ വിരുന്നിനുള്ള ക്ഷണവും ഉണ്ടാവാറുണ്ടെങ്കിലും ഇത്തവണ സന്ദേശം മാത്രമായി ഒതുക്കി.

ലോകത്തെമ്പാടുമുള്ള മുസ്‌ലിം മത വിശ്വാസികളായ അമേരിക്കക്കാര്‍ കാരുണ്യത്തിലും വിശ്വാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നല്ല കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തണമെന്നും ഈദ് സന്ദേശത്തില്‍ പറയുന്നു. എന്നാൽ ഇഫ്​താർ വിരുന്ന്​ ഒരുക്കാത്തത്​​ സംബന്ധിച്ച്​ വൈറ്റ്​ ഹൗസ്​ ഇതുവരെ പ്രതികരിച്ചിട്ടില്ല.