ന്യൂയോര്‍ക്ക്: അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണത്തെ ചൊല്ലി മെക്സിക്കന്‍ അമേരിക്കന്‍ ബന്ധം വഷളാകുന്നു. മതിൽ നിർമ്മിക്കാനുള്ള പണം കണ്ടെത്താൻ മെക്സിക്കൻ ഉൽപ്പന്നങ്ങൾക്ക് അധികതീരുവ ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനത്തെ മെക്സിക്കോ അപലപിച്ചു. 

അനധികൃത കുടിയേറ്റം തടയാൻ മെക്സിക്കൻ അതിർത്തിയിലുടനീളം 3,200 കിലോമീറ്റർ നീളത്തിൽ മതിൽ നിർമ്മിക്കുമെന്നായിരുന്നു ഡോണൾഡ് ട്രംപിന്‍റെ ഒരു പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. അധികാരമേറ്റയുടൻ മതിൽ നിർമ്മാണം തുടങ്ങാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചു. 

മതിലിന്‍റെ നിർമ്മാണച്ചെലവ് മെക്സിക്കോ വഹിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാതിരുന്നതിനെത്തുടർന്നാണ് മെക്സിക്കൻ ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്താൻ തീരുമാനിച്ചത്. ഇത് ഏകപക്ഷീയമായ തീരുമാനമാണെന്നും അംഗീകരിക്കാനാകില്ലെന്നും മെക്സിക്കൻ വിദേശകാര്യമന്ത്രി ലൂയിസ് വിദ്ഗരായ് പറഞ്ഞു. 

ശരാശരി 300 ബില്യൺ അമേരിക്കൻ ഡോളറിന്‍റെ കയറ്റുമതിയാണ് മെക്സിക്കോ അമേരിക്കയിലേക്ക് നടത്തുന്നത്. ഇത്ര ഭീമമായ അധിക തീരുവ മെക്സിക്കൻ സന്പദ്‍വ്യവസ്ഥയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. തീരുമാനത്തിൽ പ്രതിഷേധിച്ച് മെക്സിക്കന്‍ പ്രസിഡന്‍റ് എന്‍‍റിഖേ പെന നീറ്റോ അടുത്താഴ്ച നടക്കാനിരുന്ന അമേരിക്കന്‍ സന്ദര്‍ശനം നേരത്തേ റദ്ദാക്കിയിരുന്നു. 

അമേരിക്കയുടെ തീരുമാനത്തെ മെക്സിക്കോ ബഹുമാനിക്കുന്നില്ലെങ്കിൽ സന്ദർശനം അർദ്ധശൂന്യമാണെന്നാണ് ഡോണൾ‍ഡ് ട്രംപിന്‍റെ പ്രതികരണം. അതിർത്തികളില്ലാത്ത ഒരു രാഷ്ട്രം രാഷ്ട്രമല്ലെന്നും അമേരിക്ക അതിന്‍റെ ദേശാതിർത്തികളുടെ മേലുള്ള നിയന്ത്രണം ഉറപ്പാക്കുകതന്നെ ചെയ്യുമെന്നും ട്രംപ് പറഞ്ഞു. 

ഇരു രാജ്യങ്ങളുടേയും നിലപാടുകളിൽ നിലവിൽ വിട്ടുവീഴ്ചയില്ല.അങ്ങനെ ട്രംപ് അധികാരമേറ്റ ആദ്യവാരത്തിൽത്തന്നെ അയൽക്കാരും വാണിജ്യപങ്കാളികളുമായ അമേരിക്കയും മെക്സിക്കോയും തമ്മിലുള്ള ബന്ധം ഉലയുകയാണ്.