ആണവോർജ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തേക്കാണ് ഇന്ത്യയിൽ വേരുകളുള്ള റിതാ ബാരൻവാളിനെ നിയമിക്കുക. ഇത് സംബന്ധിച്ച ഉത്തരവ് വൈറ്റ്ഹൗസ് ബുധനാഴ്ച്ച പുറത്തിറക്കി.
വാഷിങ്ടൻ: യുഎസ് ആണവോർജ വിഭാഗത്തിന്റെ സുപ്രധാന സ്ഥാനത്തേക്ക് ഇന്ത്യൻ വംശജയെ നിയമിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശുപാർശ ചെയ്തു. ആണവോർജ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തേക്കാണ് ഇന്ത്യയിൽ വേരുകളുള്ള റിതാ ബാരൻവാളിനെ നിയമിക്കുക. ഇത് സംബന്ധിച്ച ഉത്തരവ് വൈറ്റ്ഹൗസ് ബുധനാഴ്ച്ച പുറത്തിറക്കി.
ആണവ സാങ്കേതിക ഗവേഷണം, ആണവ സൗകര്യങ്ങളുടെ വികസനം, നടത്തിപ്പ് തുടങ്ങിയ ഒട്ടേറെ ചുമതലകൾ വഹിക്കേണ്ട സ്ഥാനത്തേക്കാണ് റിത എത്തുക. എന്നാൽ ഇതിന് അമേരിക്കൻ സെനറ്റിന്റെ അംഗീകാരം കൂടി വേണം. നിലവിൽ ആക്സിലറേറ്റഡ് ഇന്നവേഷൻ ഇൻ ന്യൂക്ലിയർ എനർജി വിഭാഗം (ഗെയിൻ) ഡയറക്ടറാണ് റിതാ.
യുഎസിലെ ആധുനിക റിയാക്ടറുകളുടെ വികസനത്തിന് വഴിവയ്ക്കുന്ന നിയമ നിർമാണത്തിന് തുടക്കം കുറിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് റിതയെ ശുപാർശ ചെയ്തതെന്നുള്ളത് ശ്രദ്ധേയമാണ്.
എംഐടിയിൽ നിന്ന് മെറ്റീരിയൽസ് സയൻസ് ആൻഡ് എൻഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ റിതാ ബാരൻവാള്‍, മിഷിഗൻ സർവകലാശാലയിൽ നിന്ന് ഗവേഷണം പൂർത്തിയാക്കിയിട്ടുണ്ട്. ഇവര്‍ നേരത്തെ എംഐടി മെറ്റീരിയൽസ് ഗവേഷണ ലബോറട്ടറി ഉപദേശക സ്ഥാനം വഹിച്ചിരുന്നു.
