Asianet News MalayalamAsianet News Malayalam

എച്ച്1ബി വിസ നിയന്ത്രണം: ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു

Trump Signs Order That Could Lead to Curbs on Foreign Workers
Author
New Delhi, First Published Apr 19, 2017, 2:36 AM IST

വാഷിംങ്ടണ്‍: എച്ച്1ബി വിസ നൽകുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന പ്രക്രിയക്ക് തുടക്കമിട്ടുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. അമേരിക്കക്കാർക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ഉത്തരവ്. ഇതിനിടെ ഇന്ത്യൻ ഉദ്യോഗാർത്ഥികൾ വ്യാപകമായി ഉപയോഗിച്ചിരുന്ന വിസാ പദ്ധതി നിർത്തലാക്കാൻ ഓസ്ട്രേലിയയും തീരുമാനിച്ചു

അമേരിക്കക്കാരെ വാങ്ങുക, അമേരിക്കക്കാരെ വാടകക്കെടുക്കുക എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമപരിഷ്കാരത്തിന്‍റെ ആദ്യ ഉത്തരവിലാണ് പ്രസിഡന്‍റ് ഡെണാൾഡ് ട്രംപ് വിസ്കോൺസനിൽ വച്ച് ഒപ്പിട്ടത്. പ്രത്യേക വൈദഗ്ധ്യമുള്ള വിദേശികൾക്ക് അമേരിക്കയിൽ ജോലി ചെയ്യാനായി നൽകുന്ന എച്ച് 1ബി വിസ മൂലം അമേരിക്കക്കാർക്ക് തൊഴിൽ നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുമെന്ന് ട്രംപ് മുന്‍പ് പല തവണ പറഞ്ഞിരുന്നു. 

അമേരിക്കക്കാരേക്കാൾ കുറഞ്ഞ വേതനത്തിൽ ഇന്ത്യക്കാരടക്കമുള്ള വിദേശികളെ നിയമിക്കുന്നതായിരുന്നു പല കമ്പനികളുടെ രീതി. നിലവിലെ വിസാനിയമങ്ങൾ പരിഷ്കരിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ തൊഴിൽ, ആഭ്യന്തര സുരക്ഷ, നീതിന്യായ വകുപ്പുകൾക്ക് നിർദ്ദേശം നൽകുന്നതാണ് പുതിയ ഉത്തരവ്. പിന്നാലെ നിയമപരിഷ്കാരവും കൊണ്ടുവരാനാണ് നീക്കം. 

ഇതിനിടെയാണ് എച്ച് വൺ ബി വിസയ്ക്ക് സമാനമായ 457 വിസ നൽകുന്നത് നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുളിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനവും വരുന്നത്. പകരം കൂടുതൽ കർശനമായ വ്യവസ്ഥകളോടെയുള്ള പുതിയ വിസ പദ്ധതി നിലവിൽ വരും. വൈദഗ്ധ്യമുള്ളവരെ ലഭ്യമല്ലാത്ത സാഹചര്യമുണ്ടെങ്കിൽ മാത്രമേ വിദേശികളെ നിയമിക്കൂ എന്ന് ഉറപ്പുവരുത്തും. ഓസ്ട്രേലിയക്കർക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാനാണ് നീക്കം. ഇരു രാജ്യങ്ങളുടേയും പുതിയ തീരുമാനം ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്ക് കനത്ത തിരിച്ചടിയാകും.

Follow Us:
Download App:
  • android
  • ios