യൂറോപ്പിലെ കുടിയേറ്റ പ്രശ്‌നം കൈകാര്യം ചെയ്ത ജര്‍മ്മന്‍ നയത്തെ വിമര്‍ശിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. പത്ത് ലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയ ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ചലാ മെര്‍ക്കലിന്റെ നടപടി ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. ട്രംപിന്റെ വിമര്‍ശനത്തില്‍ അതൃപ്തി അറിയിച്ച് ജര്‍മ്മനി രംഗത്തെത്തി.

ബ്രിട്ടീഷ് മുന്‍ നിയമ സെക്രട്ടറി മൈക്കല്‍ ഗോവുമായി നടത്തിയ അഭിമുഖത്തിലാണ് ജര്‍മ്മനിക്കെതിരെ നിശിത വിമര്‍ശനവുമായി ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയത്. ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കലിന്റെയും നാറ്റോയുടെയും കുടിയേറ്റ നയങ്ങളെ ട്രംപ് വിമര്‍ശിച്ചു. പത്ത് ലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയ മെര്‍ക്കലിന്റെ നടപടിയെ ചരിത്രപരമായ വിഡ്ഢിത്തമെന്ന് ട്രംപ് വിശേഷിപ്പിച്ചു. തെറ്റായ രീതിയിലാണ് ജര്‍മ്മനിയും നാറ്റോയും അഭയാര്‍ത്ഥി പ്രശംസ കൈകാര്യം ചെയ്തത്. ബ്രക്‌സിറ്റിനെ അനുകൂലിച്ച ട്രംപ്, ബ്രിട്ടന്‍ പുറത്തുവന്നില്ലായിരുന്നെങ്കില്‍ അഭയാര്‍ത്ഥി പ്രശ്‌നമുയര്‍ത്തുന്ന വലിയ ഭാരം അനുഭവിക്കേണ്ടി വരുമായിരുന്നെന്നും വ്യക്തമാക്കി. നാറ്റോക്കെതിരേയും രൂക്ഷമായ വിമര്‍ശനമാണ് ട്രംപ് നടത്തിയത്. നാറ്റോയുടെ രീതികള്‍ കാലഹരണപ്പെട്ടതാണെന്ന് ട്രംപ് ആരോപിച്ചു. ബ്രക്‌സിറ്റിന് ശേഷം ബ്രിട്ടന്‍ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അധികാരമേറ്റയുടന്‍ ബ്രിട്ടനുമായി വാണിജ്യ കരാറുണ്ടാക്കുമെന്നും ട്രംപ് അഭിമുഖത്തില്‍ വ്യക്തമാക്കി.

ട്രംപിന്റെ വിമര്‍ശനത്തില്‍ അതൃപ്തി അറിയിച്ച് ജര്‍മ്മനി രംഗത്തെത്തി. നേരത്തെ എടുത്ത നിലപാടുകള്‍ക്ക് വിരുദ്ധമായാണ് ട്രംപ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ വ്യക്തമാക്കി. നാറ്റോയും ട്രംപിന്റെ പ്രതികരണത്തില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.