ന്യൂയോര്‍ക്ക്: അമേരിക്കണ പ്രസിഡന്റുമാര്‍ക്കായി പുതിയ എയര്‍ഫോഴ്‌സ് വണ്‍ വിമാനങ്ങള്‍ വേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ പ്രതാപത്തിന്റെ അടയാളം കൂടിയായ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിന്റെ പുത്തന്‍ പതിപ്പ് ഇറക്കാനുള്ള കരാറില്‍ നിന്ന് പിന്മാറണമെന്ന ട്രംപിന്റെ ട്വീറ്റാണ് പുതിയ സംസാര വിഷയം. പുതിയ വിമാനങ്ങള്‍ അധികച്ചെലവാണെന്നും ബോയിംഗ് അത്രയ്ക്ക് കാശുണ്ടാക്കേണ്ടെന്നും ട്രംപ് പറയുന്നു.

1943 മുതല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോദിക വിമാനമാണ് ബോയിംഗിന്റെ എയര്‍ഫോഴ്‌സ് വണ്‍. സുരക്ഷയുടെയേയും സൗകര്യങ്ങളുടെയും കാര്യത്തില്‍ ലോകത്തെ ഏറ്റവും മുന്തിയതെന്ന് കരുതുന്ന എയര്‍ഫോഴ്‌സ് വണ്‍ വിമാനങ്ങള്‍ അമേരിക്കയുടെ അഭിമാന സ്തംഭം കൂടിയാണ്. എന്നാല്‍ അമേരിക്കയുടെ ഭാവി പ്രസിഡന്റുമാരുടെ ഉപയോഗത്തിനായി 2024ല്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്ന അത്യാധുനിക ഏയര്‍ഫോഴ്‌സ് വണ്ണിന്റെ ഏറ്റവും പുതിയ പതിപ്പിന്റെനിര്‍മ്മാണ കരാറില്‍ നിന്ന് പിന്മാറണമെന്നാണ് ട്രംപ് തന്റെ ട്വീറ്റിലൂടെ സര്‍ക്കാരിനോട് ആവസ്യപ്പെട്ടത്. നാനൂറ്‌ കോടി  ഡോളര്‍ മുടക്കി വിമാനം നിര്‍മ്മിക്കുന്നത് അധികച്ചെലവാണെന്നാണ് ട്രംപിന്റെ പക്ഷം.
ട്വീറ്റിന് പിന്നാലെ ട്രംപ് ടവറില്‍ ഇരുന്ന് ബോയിംഗി നെതിരെഅദ്ദേഹം ആഞ്ഞടിച്ചു.

ചെലവ് പരിധിവിട്ട വിമാനമാണിത്. ഇത് അപഹാസ്യമാണെന്നാണ് തന്റെ പക്ഷമെന്ന് ട്രംപ് പറഞ്ഞു. ബോയിംഗ് നന്നായി കണക്ക് കൂട്ടുന്നു. ബോയിംഗ് ഒരുപാട് സമ്പാദിക്കണം എന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇത്രയ്ക്ക് വേണ്ട- ട്രംപ് വ്യക്തമാക്കി.

സ്ഥാനം ഒഴിയാന്‍ പോകുന്ന് പ്രസിഡന്റ് ഒബാമ, എയര്‍ഫോഴ്‌സ് വണ്‍ വിമാനം കൊടുക്കുന്ന കാശിനുള്ള മുതലാണ് എന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. നിലവിലെ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിന്റെ അറ്റകുറ്റ പണികള്‍ക്കായ് 28 ലക്ഷം അമേരിക്കന്‍ ഡോളറാണ് പ്രതി വര്‍ഷം ചെലവാകുന്നത്. ഈ പശ്ചാത്തലത്തിലാണ് പുതിയതിനെ കുറിച്ച് അമേരിക്ക ചിന്തിച്ചത്. ഒറ്റപ്പറത്തലില്‍ 1600 കീലോമീറ്റര്‍ ദൂരം താണ്ടാനും ആണവാക്രമത്തെ പ്രതിരോധിക്കാനും കഴിയും എന്നതടക്കം നിരവധി പ്രത്യേകതകള്‍ എയര്‍ഫോഴ്‌സ് വണ്ണിനുണ്ട്.

വീണ്ടും ഒരു വട്ടം കൂടി തെരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രമേ ട്രംപിന് പുതിയ വിമാനത്തില്‍ കയറാന്‍ കഴിയൂ. തന്റെ വ്യവസായ പ്രാഗല്‍ഭ്യം അമേരിക്കന്‍ നികുതിദായകര്‍ക്ക് ഉപകാരപ്പെടും വിധം ഉപയോഗിക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് പദത്തിലെത്തുന്ന ട്രംപിന്റെ നടപടി ജനങ്ങളുടെ കയ്യടി നേടുന്നതാവും. ട്രംപിന്റെ ഒറ്റ ട്വീറ്റ് ബോയിംഗിന്റെ ഓഹരി മൂല്യത്തിലും ഇടിവുണ്ടാക്കി. ബോയിംഗ് കരാര്‍ത്തുക കുറയ്ക്കുമോ അതോ ട്രംപ് യുഗത്തോടെ എയര്‍ഫോഴ്‌സ് വണ്‍ ഒരു ചരിത്രമാകുമോയെന്ന് ഉറ്റു നോക്കുകയാണ് അമേരിക്കന്‍ ജനതയ്‌ക്കൊപ്പം ലോകവും.