അമേരിക്കൻ മുൻ ഇന്‍റലിജൻസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കാനൊരുങ്ങി പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ്
ന്യൂയോര്ക്ക്: അമേരിക്കൻ മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കാനൊരുങ്ങി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായെന്ന അമേരിക്കൻ ഇന്റലിജൻസ് ഏജൻസികളുടെ കണ്ടെത്തലുകളെ പിന്തുണയ്ക്കാത്ത നിലപാടാണു ട്രംപ് പുചിനുമായുള്ള കൂടിക്കാഴ്ചയിൽ സ്വീകരിച്ചിരുന്നത്.
ഇതിനെതിരെ ഒരു വിഭാഗം ഉദ്യോഗസ്ഥർ പരസ്യമായി രംഗത്തു വന്നതിനു പിന്നാലെയാണ് നടപടി. നാഷണൽ ഇന്റലിജൻസ് മുൻ ഡയറക്ടർ ജെയിംസ് ക്ലാപ്പർ, മുൻ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമി എന്നിവരടക്കം പത്തിലധികം പേരുടെ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കാൻ ഒരുങ്ങുന്നുവെന്നാണ് സൂചന.
ഹെൽസിങ്ങി കൂടിക്കാഴ്ചയക്ക് ശേഷം ട്രംപ് പുടിനെ പ്രതിരോധിച്ചപ്പോൾ അത് അപകടകരമാണെന്ന് മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ജോൺ ബ്രന്നൻ പരസ്യമായി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികാര നടപടി. മുൻ ഉദ്യോഗസ്ഥരുടെ നിലപാടിൽ ട്രംപ് അസ്വസ്ഥനാണ് എന്നതിന്റെ സൂചനയാണിത്.
