അമേരിക്കയിൽ വ്യാപക പ്രതിഷേധം

ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്രാനിരോധനം സുപ്രീംകോടതി ശരിവച്ചതിനു പിന്നാലെ അമേരിക്കയിൽ വ്യാപക പ്രതിഷേധം. പ്രത്യേക ജന വിഭാഗത്തെ ലക്ഷ്യം വെച്ചുള്ള തീരുമാനം സ്വാതന്ത്യം ഇല്ലാതാക്കുമെന്നാണ് പ്രതിഷേധക്കാരുടെ വാദം. സിറിയ, ലിബിയ, യെമൻ തുടങ്ങിയ 5 രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് നേരത്തെ യാത്ര നിരോധനം ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്.

പ്രസ്തുത വിഷയത്തില്‍ ആദ്യത്തെ രണ്ട് ഉത്തരവുകൾ കോടതികൾ റദ്ദാക്കിയതിനെത്തുടർന്ന് മൂന്നാമതിറക്കിയ ഉത്തരവാണിപ്പോൾ സുപ്രീംകോടതി ശരിവച്ചിരിക്കുന്നത്. ഇതിനെതിരെയാണ് നിലവിലെ പ്രതിഷേധം. പ്രതിഷേധക്കർ സുപ്രീം കോടതിക്ക് പുറത്ത് മുദ്യവാക്യങ്ങളുമായി എത്തി. മതിലും വേണ്ട, നിരോധനവും വേണ്ട എന്ന മുദ്രാവാക്യവുമായി ജനങ്ങൾ തെരുവിലിറങ്ങി.

നാല് ജഡ്ജിമാർ എതിർത്ത ഉത്തരവ് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട് അനുകൂലിച്ചതോടെ അംഗീകരിക്കപ്പെട്ടു. ട്വീറ്റിലൂടെ ഡോണൾഡ് ട്രംപ് സന്തോഷം പങ്കുവെച്ചു. പ്രസിഡറിന്റെ അധികാരപരിധിക്ക് പുറത്തെന്നായിരുന്നു ആരോപണമെന്ന കീഴ്കോടതികളുടെ നിലപാടാണ് സുപ്രീം കോടതി തള്ളിക്കളഞ്ഞത്. പകരം, രാജ്യത്തിന്റെ സുരക്ഷക്കുവേണ്ടിയെന്ന വാദം അംഗീകരിക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബറിൽ തന്നെ യാത്രാനിരോധനത്തിൽ മറ്റ് കോടതികൾ ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കിയിരുന്നു. അതിനുശേഷമാണ് കേസ് പരിഗണിച്ചത്.