കോഴിക്കോട്: സുനാമി ഭവന നിര്‍മ്മാണപദ്ധതി വടക്കന്‍ കേരളത്തില്‍ പാളുന്നു. സുനാമി ഇരകള്‍ക്ക് അനുവദിച്ച ഫ്ലാറ്റുകളും,വീടുകളും കൈയേറ്റക്കാരുടെയും സാമൂഹ്യവിരുദ്ധരുടേയും താവളമായിരിക്കുകയാണിപ്പോള്‍.യഥാര്‍ത്ഥ ഗുണഭോക്താക്കളില്‍ ബഹുഭൂരിപക്ഷവും ഇവിടങ്ങളില്‍ താമസിക്കുന്നില്ല.നടപടിയെടുക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിയമനലംഘനകള്‍ കണ്ടില്ലെന്നും നടിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഇന്‍വെസ്റ്റിഗേഷന്‍.

2004 ഡിസംബര്‍ 26ന് സുനാമിതിരകള്‍ കേരളത്തിന്റെ തീരങ്ങള്‍ വിഴുങ്ങിയപ്പോള്‍ ഭവനരഹിതരായത് പതിനായിരങ്ങളാണ്. ഇവരെ പാര്‍പ്പിക്കാനായി കേന്ദ്രസര്‍ക്കാരിന്റെ കൂടി സഹായത്തോടെ 2000 കോടിയിലേറെ രൂപ ചെലവഴിച്ച് ദുന്തബാധിത മേഖലകളില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചത് പതിനൊന്നായിരത്തിലധികം വീടുകളാണ്. എന്നാല്‍ അനുവദിച്ച ഫ്ലാറ്റുകളും, വീടുകളും കൈയേറ്റക്കാരുടെയും സാമൂഹ്യവിരുദ്ധരുടേയും താവളമായിരിക്കുകാണിപ്പോള്‍.

വടക്കന്‍ കേരളത്തിലെ നാല് ജില്ലകളിലായി 270 കോടിയോളം രൂപയാണ് സുനാമി ഭവന പദ്ധതിക്കായി വിനിയോഗിച്ചത്. ഇങ്ങനെ നിര്‍മ്മിച്ച വീടുകളില്‍ പലതിലും അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു അന്വേഷണം.കോഴിക്കോട് വടക മാടാക്കരയില്‍ നിര്‍മ്മിച്ച ഫ്ലാറ്റുകളില്‍ ഞങ്ങളെത്തി. 42 ഫ്ലാറ്റുകളില്‍ ഭൂരിപക്ഷവും കൈയറ്റക്കാരാണ്. മറ്റിടങ്ങളില്‍ സ്വന്തമായി വീടും സ്ഥലവും ഉള്ളവരാണ് ഇവരില്‍ പലരും.
വൈദ്യുതി കണക്ഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ കിട്ടാന്‍ കളക്ടര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണിവര്‍.

ഭൂരിപക്ഷവും കൈയേറ്റക്കാരാണെന്നറിഞ്ഞിട്ടും നടപടിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കയ്യേറ്റക്കാരെ കുറിച്ച് വില്ലേജ് ഓഫീസര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയൊന്നുമില്ല. ഇനി കൊയിലാണ്ടിയിലേക്ക്.ചേമഞ്ചരി പഞ്ചായത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന 45 വീടുകളുടെ അവസ്ഥ കാണുക.പല വീടുകളും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചിരിക്കുന്നു.മദ്യപാനത്തിനുള്ള ഇടങ്ങളായി ഈ വീടുകള്‍ ദുരുപയോഗം ചെയ്യുകയാണ്. കൈയ്യേറ്റക്കാരും സാമൂഹ്യ വിരുദ്ധരും കൈയടക്കിയ വീടുകളുടെ യഥാര്‍ത്ഥ ഉപഭോക്താക്കള്‍ എവിടെയെന്നും ഞങ്ങള്‍ അന്വേഷിച്ചു. കടലോരത്തെ പഴയ വീടുകളില്‍ തന്നെ അവരുണ്ട്.അനുയോജ്യമായ വാസസ്ഥലമല്ലെന്ന് കണ്ട് പലരും അവിടേക്ക് പോകാന്‍ മടിക്കുകയാണ്.

കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ സുനാമി വീടുകളുടെ അവസ്ഥ ഏറെക്കുറെ ഇങ്ങിനെയാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞു.കാസര്‍ഗോട്ട് ബീരാന്തബൈയിലുള്ള ചില വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ വാടകക്ക് കൊടുത്തിരിക്കുകയുമാണ്. ഇത്രയധികതം തുക ചെലവഴിച്ചിട്ടും ഈ പദ്ധതി പ്രയോജനം കാണാതെ പോയതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്.റവന്യൂ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ യാതൊരു ദീര്‍ഘവീക്ഷണവുമില്ലാതെ സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കുകയായിരുന്നുവെന്ന് വേണം കരുതാന്‍.സമീപകാലത്തെ സര്‍ക്കാരിന്റെ ഏറ്റവും വലിയ പദ്ധതി കൂടിയാണ് ഫലം കാണാതെ പോകുന്നത്.