തിരുവനന്തപുരം: പാളിപ്പോയ പുനരധിവാസത്തിന്റെ ദുരന്തം പേറി സുനാമി ദുരന്ത ബാധിതർ. സർക്കാർ നിർമ്മിച്ച് നൽകിയ വീടുകൾ വാസയോഗ്യമല്ല. ആനുകൂല്യങ്ങൾ അനർഹർ തട്ടിയെടുത്തെന്നും പരാതി വ്യാപകമാണ്.

തീരജനതയെ എല്ലാവരും എല്ലാക്കാലത്തും അവഗണിച്ചിട്ടേയുള്ളു എന്നതിന്റെ നേര്‍സാക്ഷ്യമാണ് 2004ലെ സുനാമി ദുരന്തത്തില്‍ പെട്ടവര്‍. മഹാപ്രളയത്തെതുടര്‍ന്നുള്ള പുനരധിവാസം ചര്‍ച്ചയാകുമ്പോള്‍ സുനാമി പുനരധിവാസ പദ്ധതിയിലെ വീഴ്ചകളെ വിലയിരുത്തുന്നത് ഗുണകരമാകും. 

സുനാമി തിരമാലകള്‍ ആഞ്ഞടിച്ച കൊല്ലം ആലപ്പാട് തീരവാസികള്‍ക്ക് സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കിയ വീടുകള്‍ നിര്‍മിച്ചത് ആലപ്പാട് നിന്ന് 6 കിലോമീറ്റര്‍ അകലെ കരുനാഗപ്പള്ളി കോഴിക്കോടെന്ന ഒറ്റപ്പെട്ട സ്ഥലത്താണ്. കടലിലെ ഉപ്പുവെള്ളവും കടല്‍മണലും ചേര്‍ത്ത് വീടുണ്ടാക്കിയപ്പോള്‍ ഇത് പൊട്ടിപ്പൊളിഞ്ഞ് പോകുമെന്ന് പറയാന്‍ പോലും ആരുമുണ്ടായില്ല. എല്ലാം നഷ്ടപ്പെട്ട പാവങ്ങള്‍ മറ്റ് മാര്‍ഗമൊന്നുമില്ലാതെ വര്‍ഷങ്ങളായി പേടിയോടെ ഈ വീടുകളില്‍ താമസിക്കുന്നു.

ചില കോളനികളില്‍ പട്ടയമോ രേഖകളോ ഇല്ലാതെയാണ് ജീവിതം. വടകരയില്‍ അനര്‍ഹര്‍ വീട് തട്ടിയെടുത്തെന്ന പരാതിയുമുണ്ട്. കിലോമീറ്ററുകള്‍ക്കപ്പുറം കെട്ടി നല്‍കിയ വീടുകളില്‍ നിന്ന് കടല്‍ ജോലിക്ക് പോകാനുള്ള ബുദ്ധിമുട്ട് ഇതിന് പുറമെയാണ്.