'പ്രഷര്‍ കുക്കറുമായി' ദിനകരന്‍റെ പാര്‍ട്ടി പ്രഖ്യാപനം വ്യാഴാഴ്ച

First Published 11, Mar 2018, 9:59 AM IST
ttv dinakaran party announcement on wednesday
Highlights
  •  'പ്രഷര്‍ കുക്കറുമായി' ദിനകരന്‍റെ പാര്‍ട്ടി പ്രഖ്യാപനം വ്യാഴാഴ്ച

ചെന്നൈ: എഐഎഡിഎംകെയെ ഞെട്ടിച്ച് ആര്‍കെ നഗറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് ഞെട്ടിക്കുന്ന വിജയം നേടിയതിന് ശേഷം സുപ്രധാന രാഷ്ട്രീയ നീക്കവുമായി ടിടിവി ദിനകരന്‍

ദ്രാവിഡ രാഷ്ട്രീയം കണ്ണുനട്ടിരിക്കുന്ന ടിടിവിയുടെ പാര്‍ടി പ്രഖ്യാപനം വ്യാഴാഴ്ച നടക്കും. പാർട്ടിയുടെ പേരും ചിഹ്നവും അന്ന് പ്രഖ്യാപിക്കും. രണ്ടില ചിഹ്നത്തിനായി കോഴ കൊടുത്തു എന്നതടക്കമുള്ള ആരോപണങ്ങളും തെരഞ്ഞെടുപ്പില്‍ പണം വാരിവിതറിയെന്ന ആരോപണത്തിന്‍റ പശ്ചാത്തലത്തില്‍ നടന്ന റെയ്ഡുകളും എല്ലാം അതിജീവിച്ചാണ് ആര്‍കെ നഗറില്‍ ടിടിവി ജയലളിതയേക്കാള്‍ ഭൂരിപക്ഷത്തില്‍ വിജയത്തിലെത്തിയത്.

അടുത്തിടെ നടന്ന ചിഹ്ന തര്‍ക്കങ്ങളിലും ദിനകരന്‍ അനുകൂല കോടതി വിധി നേടിയിട്ടുണ്ട്. തന്നെ ആര്‍കെ നഗറില്‍ വിജയത്തിലെത്തിച്ച പ്രഷർകുക്കർ ചിഹ്നം ടിടിവി ക്ക് അനുവദിച്ചതായി ദില്ലി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഒപിഎസ്സുമായി സഖ്യം ചേർന്ന് മറുകണ്ടം ചാടിയ മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഒപിഎസ്സിന് ഉപമുഖ്യമന്ത്രിപദമെന്ന ഫോർമുലയിൽ ലയനം, ശശികലയുൾപ്പടെ മണ്ണാർഗുഡി കുടുംബത്തിലെ എല്ലാവരും പാർട്ടിക്ക് പുറത്താക്കി പ്രഖ്യാപനം എന്നിവയെല്ലാം കടുത്ത വെല്ലുവിളികളായിരുന്നു. ഇതെല്ലാം നിലനില്‍ക്കെ തന്നെ വീണ്ടും ആ‌ർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചു.

തെരഞ്ഞെടുപ്പ് നടന്ന സമയത്തെ സാഹചര്യമല്ലിന്ന്. രാഷ്ട്രീയത്തിലിറങ്ങിയ കമല്‍ ഹാസനും രജനീകാന്തും അവരവരുടെ ഇടങ്ങള്‍ കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു. എന്നും താര രാഷ്ട്രീയത്തിന് പ്രാമുഖ്യം നല്‍കിയ തമിഴ് ജനത ടിടിവിയുടെ പാര്‍ട്ടിയെ എങ്ങനെ സ്വീകരിക്കുമെന്നത് കണ്ടറിയാം.

loader