ബാഗുകളിലാക്കി തീവണ്ടിയിലാണ് പുകയിലെ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നത്

കോഴിക്കോട്: ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുവന്ന നൂറ്റിയമ്പത് കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ തിരൂരില്‍ പിടികൂടി. ബാഗുകളിലാക്കി തീവണ്ടിയിലാണ് പുകയിലെ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നത്.

യശ്വന്ത്പൂര്‍-മംഗലാപുരം തീവണ്ടിയില്‍ നിന്നാണ് നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയിലാണ് ബാഗുകളില്‍ ഒളിപ്പിച്ച പുകയില ഉത്പ്പന്നങ്ങള്‍ കണ്ടെത്തിയത്. കൊണ്ടുവന്നതാരെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായിട്ടില്ല. പിടിച്ചെടുത്ത പുകയില ഉല്‍പ്പന്നങ്ങള്‍ റയില്‍വേ പൊലീസ് എക്സൈസ് അധികൃതര്‍ക്ക് കൈമാറി.

പുകയിലെ ഉല്‍പ്പന്നങ്ങള്‍ ബംഗളൂരുവില്‍ നിന്ന് ആളില്ലാതെ തന്നെ കയറ്റി അയക്കുന്നത് അടുത്തിടെ പതിവായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇടപാടുകാര്‍ തീവണ്ടിയില്‍ക്കയറി പല സ്ഥലങ്ങളില്‍ വച്ചായി ബാഗുകള്‍ എടുക്കുകയാണ് ചെയ്യുന്നത്. പ്രതികളെ കണ്ടെത്താൻ ബംഗളൂരു റെയിവേ സ്റ്റേഷനിലെ സിസി ടിവി ക്യാമറകള്‍ പരിശോധിക്കുന്നതടക്കം ശക്തമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.