മലയാളത്തില്‍ പുറത്തിറങ്ങിയ കല്യാണരാമന്‍ എന്ന ചിത്രത്തിലെ ഏറെ ചിരിപടര്‍ത്തിയ ഒരു സംഭാഷണം ആരും മറന്നുകാണില്ല. ഇളം കാറ്റില്‍ തേങ്ങാക്കുലകളാടുമോ എന്ന ഹാസ്യ രൂപത്തിലുള്ള ചോദ്യവും ചെന്തെങ്ങിന്‍റെ കുലയാണെങ്കില്‍ ആടുമെന്നും അനുഭവമുണ്ടെന്നുമുള്ള ഇന്നസെന്‍റിന്‍റെ കഥാപാത്രത്തിന്‍റെ മറുപടിയുമാണത്.

അതൊരു തമാശയാണെങ്കില്‍ ഇതൊരു ഗൗരവമുള്ള വിഷയമാണ്, കാറ്റടിച്ചാല്‍ വിമാനം ആടുമോ? ആടും എന്ന് തന്നെയാണ് ഒരു വീഡിയോ പറയുന്നത്. വേഗത കുറച്ച് ലാന്‍റിങ്ങിനൊരുങ്ങുമ്പോള്‍ കാറ്റില്‍ വിമാനങ്ങള്‍ ആടിയുലയുമെന്ന്  ഈ വീഡിയോ വ്യക്തമാക്കുന്നു. പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കകം വൈറലാവുകയാണ്  ഈ വീഡിയോ.

എതിര്‍ദിശയിലേക്ക് വീശുന്ന കാറ്റിനെ അതിജീവിച്ച് പൈലറ്റ് വിമാനത്തെ റണ്‍വേയില്‍ തന്നെ ഇറക്കുന്നതാണ് വീഡിയോ. ബ്രിസ്‌റ്റോള്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. ആംഗ്ലോ ജര്‍മ്മന്‍ ട്രാവല്‍ ആന്‍റ് ടൂറിസം കമ്പനിയായ ടിയുഐയുടെ ബോയിംഗ് 757-200 എയര്‍ലൈനര്‍ പ്രതികൂല കാലാവസ്ഥയെ മറികടക്കുന്ന് ലാന്‍റ് ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്.

ശക്തമായ കാറ്റില്‍ അതിഭീകരമായി ആടിയുലഞ്ഞ വിമാനം സാഹസിക ലാന്‍റിങ് നടത്തുകയാണ്. ലാന്‍റിങ്ങിന് ശ്രമിക്കുന്നതിനിടെ വീശിയടിച്ച കാറ്റില്‍ വിമാനത്തിന്‍റെ ഗതി തെറ്റുമായിരുന്നെങ്കിലും പൈലറ്റിന്‍റെ മനസാന്നിധ്യം അപകടം ഒഴിവാക്കുകയായിരുന്നു.പ്രൊഫഷണിലിസവും പ്രകൃതിയും നേര്‍ക്കുനേര്‍ എന്ന കാപ്ഷനോടെയാണ് പലരും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം..