ദോഹ: ടങ്സ്റ്റണ്‍ ബള്‍ബുകള്‍ ഖത്തറില്‍ നിരോധിച്ചു. 40, 60 വാട്‌സുകളുള്ള ബള്‍ബുകള്‍ക്കാണ് നിരോധനം. പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു എന്ന കാരണത്താലാണ് ബള്‍ബുകളുടെ വില്‍പ്പന, ഇറക്കുമതി, പ്രദര്‍ശനം എന്നിവ നിരോധിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ നിരോധിക്കുമെന്ന് നേരത്തെ നഗരസഭ പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധം.

ഖത്തര്‍ ദേശീയ ദര്‍ശന രേഖ 2030 കൈവരിക്കുന്നതിന്റെ ഭാഗമായി ഊര്‍ജ, പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ് നടപടി. രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുക എന്നത് കൂടി പുതിയ നടപടിയിലൂടെ അധികൃര്‍ ലക്ഷ്യം വെക്കുന്നു. കൂടുതല്‍ കാര്യക്ഷമവും പരിസ്ഥിതി സൗഹാര്‍ദപരവുമായ എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കാനും പദ്ധതിയുണ്ട്.

നേരത്തെ 70, 100 വാട്ടുകളുള്ള ടങ്സ്റ്റണ്‍ ബള്‍ബുകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുറഞ്ഞ വാട്ട്‌സുള്ള ബള്‍ബുകള്‍ക്കും ഖത്തറില്‍ നിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.