തുർക്കിയിലെ ഭരണകക്ഷിയായ എകെ പാർട്ടിയിലെ ഗുലൻ അനുകൂലികളെ പുറത്താക്കണമെന്ന് പാർടി കഴിഞ്ഞ ദിവസം ഉത്തരവിട്ടതിനു പിന്നാലെയാണ് തുർക്കി സർക്കാരിനെ ലക്ഷ്യം വച്ച് ഫെത്തുള്ള ഗുലന്‍റെ അഭിഭാഷകർ രംഗത്തെത്തിയത്. ഇപ്പോൾ അമേരിക്കയിലെ പെൻസിൽവാനിയയിലുള്ള ഫെത്തുള്ള ഗുലന്‍റെ ജീവൻ അപകടത്തിലാണെന്നും പട്ടാള അട്ടിമറിയുടെ പേരിൽ ഗുലനെ വേട്ടയാടുന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തെ വധിച്ചേക്കുമെന്ന് ഭയക്കുന്നതായും അഭിഭാഷകർ പറഞ്ഞു. ഇസ്രയേല്‍ ചാര ഏജന്‍സി മൊസാദിന്‍റെ രീതിയില്‍ തുര്‍ക്കി ഇദ്ദേഹത്തിനെതിരെ അക്രമണം നടത്തുമെന്ന് ഭയക്കുന്നതായി അഭിഭാഷകന്‍ പറയുന്നു.

എന്നാൽ ഗുലന്‍റെ പ്രധാന എതിരാളിയും തുർക്കി പ്രസിഡണ്ടുമായ തയ്യിബ് എർദോഗനെ പേരെടുത്ത് വിമർശിക്കാൻ അഭിഭാഷകർ തയ്യാറായില്ല. കഴിഞ്ഞ ജൂലൈ പതിനഞ്ചാം തിയ്യതി തുർക്കിയിൽ നടന്ന പട്ടാള അട്ടിമറി ശ്രമത്തിന് പിന്നിൽ ഗുലനാണെന്നാരോപിച്ച് തുർക്കി സർക്കാർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഗുലനെ കൈമാറണമെന്ന് അമേരിക്കയോടാവശ്യപ്പെടുകയും ചെയ്തു. എന്നാൽ ആരോപണങ്ങളെല്ലാം ഗുലൻ നിഷേധിച്ചിരുന്നു . 270ആളുകളാണ് പട്ടാള അട്ടിമറി ശ്രമത്തിനിടെ മരിച്ചത്.