മൂന്നുമാസത്തേക്ക് പ്രഖ്യാപിച്ച നടപടി ഏഴുതവണ നീട്ടുകയായിരുന്നു
ഇസ്താംബൂൾ: രണ്ടു വർഷം നീണ്ടു നിന്ന തുർക്കിയിലെ അടിയന്തരാവസ്ഥ അവസാനിക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ അടിയന്തരാവസ്ഥ പിൻവലിക്കുമെന്ന് പ്രസിഡന്‍റ് റജബ് ത്വയ്യബ് എര്‍ദോഗന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
2016 ജൂലൈ 15നാണ് റജബ് ത്വയ്യബ് എർദോഗനെതിരെ വിഫലമായ സൈനിക അട്ടിമറിയുണ്ടായത്. 250 ലധികം പേരുടെ ജീവൻ കവർന്ന സൈനിക ശ്രമം തകർത്ത് അഞ്ചാം ദിനമാണ് പ്രസിഡന്‍റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആദ്യം മൂന്നുമാസത്തേക്ക് പ്രഖ്യാപിച്ച നടപടി ഏഴുതവണ നീട്ടുകയായിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് 80000ലധികം പേരെ തടവിലാക്കി. നിരവധി ഉദ്യോഗസ്ഥരേയു പട്ടാളക്കാരേയും ജോലിയിൽ നിന്ന് പുറത്താക്കി. യുഎസിൽ അഭയം തേടിയ ആത്മീയ നേതാവ് ഫത്ഹുല്ല ഗുലാന്‍റെ അനുയായികളേയും അദ്ദേഹത്തിന്‍റെ സ്ഥാപനങ്ങളെയുമാണ് എർദേഗൻ കൂടുതലും ലക്ഷ്യമിട്ടത്. അട്ടമിറക്ക് പിന്തുണ നൽകിയ കുർദു നേതാക്കളേയും വെറുതെ വിട്ടില്ല. ശത്രുക്കളെയെല്ലാം അശക്തരാക്കിയ ശേഷം പൊതു തെരഞ്ഞെടുപ്പ് നടത്തി. പ്രസിഡൻറ്റായി അധികാരത്തിലുമെത്തി. വിമത ശബ്ദങ്ങൾ രാജ്യത്തില്ലെന്ന് ഉറപ്പിച്ചാണ് രണ്ടു വർഷത്തെ അടിയന്തരാവസ്ഥ എർദോഗൻ പിൻവലിക്കുന്നത്.
