ദില്ലി: കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് തുര്‍ക്കി. ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനാണ് സമധാനം ഉറപ്പുവരുത്താന്‍ ബഹുകക്ഷി ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും എര്‍ദോഗനും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇരു രാജ്യങ്ങളും മൂന്ന് കരാറുകളില്‍ ഒപ്പുവച്ചു.
ഇന്ത്യയിലേക്ക് തിരിക്കും മുമ്പ് വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന ഇന്ത്യയുടെ നിലപാടിന് വിരുദ്ധമായി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്റെ പരാമര്‍ശം. മറ്റ് രാജ്യങ്ങളെ കൂടി പങ്കാളികളാക്കി ബഹുകക്ഷി ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണെന്നും ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധമാണെന്നും എര്‍ദോഗന്‍ പറഞ്ഞു. ആണവ വിതരണ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്കൊപ്പം പാകിസ്ഥാനെയും ഉള്‍പ്പെടുത്തണമെന്നും എര്‍ദോഗന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം ഉയര്‍ന്നുവന്നില്ല. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ തുര്‍ക്കി പിന്തുണ അറിയിച്ചു.
ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി ഉടച്ചുവാര്‍ക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തേയും തുര്‍ക്കി പിന്തുണച്ചു. എര്‍ദോഗനും നരേന്ദ്രമോദിയും വ്യവസായികളുടെ യോഗത്തേയും അഭിസംബോധന ചെയ്തു.
