അമേരിക്കയിലെ രണ്ട് അമേരിക്കന്‍ ഉന്നതരുടെ തുര്‍ക്കിയിലെ ആസ്തികള്‍ മരവിപ്പിക്കാന്‍ തുര്‍ക്കി തീരുമാനിച്ചു. തുര്‍ക്കി മന്ത്രിമാരുടെ സ്വത്തുക്കള്‍ അമേരിക്ക മരവിപ്പിച്ചതിന് പിന്നാലെയാണ് തുര്‍ക്കി തിരിച്ചടച്ചത്
അങ്കാറ: അമേരിക്ക തുര്‍ക്കി തര്‍ക്കം തുറന്ന സാമ്പത്തിക യുദ്ധത്തിലേക്ക് നീങ്ങുന്നു. അമേരിക്കയിലെ രണ്ട് അമേരിക്കന്‍ ഉന്നതരുടെ തുര്‍ക്കിയിലെ ആസ്തികള്‍ മരവിപ്പിക്കാന്‍ തുര്‍ക്കി തീരുമാനിച്ചു. തുര്‍ക്കി മന്ത്രിമാരുടെ സ്വത്തുക്കള്‍ അമേരിക്ക മരവിപ്പിച്ചതിന് പിന്നാലെയാണ് തുര്‍ക്കി തിരിച്ചടച്ചത്. അമേരിക്കന്‍ പൗരനായ പാസ്റ്ററെ തുര്‍ക്കി തടവിലാക്കിയതുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധത്തില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത്
പരസ്പര ബഹുമാനത്തോടെയുള്ള നയതന്ത്ര ഇടപെടലിന് പകരം അമേരിക്ക പ്രകോപനപരമായ നടപടിയാണ് സ്വീകരിച്ചത്. അതുകൊണ്ടാണ് ഇത്തരത്തില്‍ ശക്തമായ തീരുമാനമെടുത്തതെന്നും തുര്‍ക്കി പ്രസിഡന്‍റെ തയ്യിബ് ഉര്‍ദുഗാന്‍ ദേശീയ ചാനലിലൂടെ അറിയിച്ചു. തുര്‍ക്കി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ചാണ് അമേരിക്കന്‍ പാസ്റ്റര്‍ ആന്‍ഡ്രു ബ്രുണ്‍സണെ തുര്‍ക്കി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി ഇയാള്‍ തുര്‍ക്കിയിലെ ജയിലിലായിരുന്നു. കഴിഞ്ഞാഴ്ച മോചിപ്പിച്ചു. പക്ഷേ പുറത്തേക്ക് വിട്ടയച്ചിരുന്നില്ല.
തുര്‍ക്കി പ്രസിഡന്‍റിന്‍റെ മുഖ്യ എതിരാളി ഫതഹുല്ല ഗുലന്റെ സംഘത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്നാണ് പാസ്റ്ററിനെതിരായ ആരോപണം. അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഫതഹുല്ല ഗുലന്‍ തുര്‍ക്കിയില്‍ സൈനിക അട്ടിമറിക്ക് ശ്രമിച്ചുവെന്ന് തുര്‍ക്കി ഭരണകൂടം ആരോപിക്കുന്നു.
പാസ്റ്ററിനെ തടവിലാക്കിയതില്‍ തുര്‍ക്കി മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്നാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട രണ്ട് തുര്‍ക്കി മന്ത്രിമാരുടെ സ്വത്തുക്കള്‍ അമേരിക്ക മരവിപ്പിച്ചു. അവരുമായി ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
