മണ്ണാര്‍ക്കാട് മെഴുകുംപാറ അട്ടി എന്ന പ്രദേശത്താണ് മൂന്ന് വയസ് പ്രായമുള്ള കുട്ടിക്കൊമ്പന്റെ ജഡം കണ്ടെത്തിയത്. ആനയുടെ ശരീരത്തില്‍ പ്രത്യക്ഷത്തില്‍ പരിക്കോ മുറിവോ ഉണ്ടായിരുന്നില്ല. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വയറിന്റെ ഇടത് വശത്തുള്ള മുറിവ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് വെടിയേറ്റതിനെ തുടര്‍ന്നുണ്ടായ മുറിവാണ് ഇതെന്ന് സ്ഥിരീകരിച്ചത്. രണ്ടാഴ്ചയെങ്കിലും പഴക്കമുള്ളതാണ് മുറിവ്. വന്‍കുടലിന്റെ പകുതിയും ആമാശയവും തുളച്ചാണ് വെടിയുണ്ട കയറിയിട്ടുള്ളത്. 

മുറിവേറ്റതിനെത്തുടര്‍ന്നുള്ള അണുബാധയാണ് ആന ചെരിയാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഒന്നര സെന്റീമീറ്റര്‍ വ്യാസമുള്ള തോക്കില്‍ നിന്നാണ് ആനക്ക് വെടിയേറ്റിരിക്കുന്നത്. കാട്ടാനകള്‍ നിരന്തരം കൃഷി നശിപ്പിക്കുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെടാറുള്ള ഇടമാണ് മെഴുകുംപാറ. ആനയെ ഓടിക്കാന്‍ ആരെങ്കിലും വെടിവച്ചതാവാനാണ് സാധ്യതയെന്ന് വനംവകുപ്പും കരുതുന്നു.