കോഴിക്കോട് മാവൂരില്‍ 30 കിലോ തൂക്കമുള്ള രണ്ട് ആനക്കൊമ്പുകളും രണ്ട് നോട്ടെണ്ണല്‍ യന്ത്രങ്ങളും പിടികൂടി. റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഫ്ലൈയിംഗ് സ്ക്വാഡ് ആണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവ പിടികൂടിയത്.


മാവൂര്‍ കണ്ണിപ്പറമ്പില്‍ എലഞ്ഞിക്കല്‍ വീട്ടില്‍ കെഎസ് കൃഷ്ണന്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് രണ്ട് ആനക്കൊമ്പുകളും രണ്ട് നോട്ട് എണ്ണുന്ന മെഷീനുകളും കണ്ടെത്തിയത്. രണ്ട് കൊമ്പുകളും കൂടി 31 കിലോ ഗ്രാം തൂക്കം വരും.രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം പദ്മനാഭന്‍റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. ഇവ നാളെ താമരശ്ശേരി ജുഡിഷ്യല്‍ ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കും. വന്യ ജിവി സംരക്ഷണ നിയമ പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് ഓഫീസറില്‍ നിന്നും ലഭിക്കുന്ന കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ആനക്കൊമ്പ് കൈവശം വെക്കാന്‍ കഴിയുകയുള്ളു. ഇവ കൈമാറ്റം ചെയ്യുമ്പോള്‍ ചീഫ് വൈല്‍ഡ് ലൈഫ് ഓഫീസറെ അറിയിക്കുകയും സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുകയും ചെയ്യണം. എന്നാല്‍ കൃഷ്ണന്‍റെ കൈവശം മതിയായ രേഖകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പറഞ്ഞു. അതേ സമയം ചെന്നൈയിലുള്ള സഹോദരന്‍ തന്‍റെ കയ്യില്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ചതാണ് ആനക്കൊമ്പ് എന്നും അദ്ദേഹത്തിന്‍റെ കൈവശം രേഖകള്‍ ഉണ്ടെന്നും കൈമാറ്റം ചെയ്യുമ്പോള്‍ വകുപ്പില്‍ അറിയിക്കണം എന്നത് അറിയില്ലായിരുന്നു എന്നുമാണ് പ്രതിയുടെ വാദം. ആനക്കൊമ്പ് മൂന്നു കോടി രൂപയ്‌ക്ക് വില്‍ക്കാനുള്ള നീക്കം നടക്കുന്നു എന്നാണ് രഹസ്യ വിവരം ലഭിച്ചതെന്ന് അധികൃതര്‍ പറയുന്നു. നോട്ടെണ്ണല്‍ യന്ത്രം കൂടി കണ്ടെത്തിയ സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാനാണ് തീരുമാനം. കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്ന് മുതല്‍ 7 വര്‍ഷം വരെ ജയില്‍വാസവും 25000 രൂപ പിഴയുമാണ് ശിക്ഷ ലഭിക്കുക.