പുലിയെ രക്ഷിക്കാൻ കഴിയാത്ത വനംവകുപ്പ് കെണി വച്ചവർക്കെതിരെ കേസെടുത്തു.
കാസർകോട്: കാസർകോട് ബളാലിൽ ഇന്നലെ പന്നിക്ക് വച്ച കെണിയിൽ വീണ പുള്ളിപ്പുലി ചാകാൻ കാരണം രക്ഷാപ്രവർത്തനം വൈകിയതിനാലാണെന്ന് ആക്ഷേപം. കെണിയിൽ കുടുങ്ങിയ പുലിയെ രക്ഷിക്കാൻ വനപാലകർ എടുത്തത് പന്ത്രണ്ട് മണിക്കൂർ. ഇതിനിടെ അവശ നിലയിലായ പുലിക്ക് നേരെ മയക്ക് വെടിവെച്ചത് മൂന്ന് തവണ. പുലിയെ രക്ഷിക്കാൻ കഴിയാത്ത വനംവകുപ്പ് കെണി വച്ചവർക്കെതിരെ കേസെടുത്തു.
വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് കള്ളാർ പഞ്ചായത്തിലെ പൂടങ്കല്ല് ഓണിയിൽ മൂന്ന് വയസ് പ്രായം തോന്നിക്കുന്ന പുള്ളിപ്പുലി പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങിയത്. നാട്ടുകാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് നിന്നും ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലകർ സ്ഥലത്തെത്തിയെങ്കിലും കെണിയിലകപ്പെട്ട പുലിയെ രക്ഷിക്കാൻ സംവിധാനങ്ങളൊന്നും ഇല്ലായിരുന്നു. ബുധനാഴ്ച രാത്രിയിൽ തന്നെ പുലി കുടുങ്ങിയെന്നാണ് ഇവർ വിലയിരുത്തിയത്. സൈക്കിൾ കേബിൾ കൊണ്ടുണ്ടാക്കിയ കെണിയിൽ അകപ്പെട്ട പുലി ആദ്യം തൊട്ടേ അവശതയിലായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പുലിയുടെ കാലിലെ കുരുക്ക് മുറുകിയിരുന്നു.
മയക്കുമരുന്ന് കുത്തിവെച്ച് പുലിയെ സുരക്ഷിതമായി രക്ഷപ്പെടുത്താനായി വയനാട്ടിൽ നിന്നും മയക്ക് വെടി വിദഗ്ദ്ധനെ കൊണ്ടുവരികയായിരുന്നു. പുലി അക്രമാസക്തനാണെങ്കിൽ മാത്രമേ മയക്ക് വെടി വെക്കേണ്ടതുള്ളൂവെന്ന് വന്യജീവി സംരക്ഷണ വിദഗ്ദൻ വിജയ് നീലകണ്ഠൻ പറഞ്ഞു. നിർവ്വാഹമില്ലെങ്കിൽ മാത്രം മയക്ക് വെടിവെക്കാം. വെടിവെച്ചാൽ തന്നെ പതിനഞ്ച് മിനിറ്റിനുള്ളിൽ വെടികൊണ്ട ഭാഗം ഐസ് കൊണ്ട് പൊതിയണം. മയക്കുവെടി കൊള്ളുന്ന സമയം തൊട്ട് ശരീരം കൂടുതൽ ചൂടാകും. ഇത് തടയാനാണ് ഐസ് ഉപയോഗിക്കുന്നത് എന്നും വിജയ് നീലകണ്ഠൻ പറഞ്ഞു. കെണിയിക്കപ്പെട്ട പുലിയെ കട്ടിയുള്ള നെറ്റ് ഉപയോഗിച്ച് രക്ഷപ്പെടുത്തിയിരുന്നെങ്കിൽ ഒരിക്കലും ആരോഗ്യമുള്ള ഈ പുലി ചാകില്ലായിരുന്നെന്നും വിജയ് നീലകണ്ഠൻ പറഞ്ഞു.
അക്രമാസക്തമാവുന്ന വന്യമൃഗങ്ങളെ മയക്ക് വെടിവെച്ചു തളയ്ക്കാൻ ജില്ലയിൽ വനം വകുപ്പിന് വെറ്റിനറി ഡോക്ടര്‍മാരോ ആവശ്യമായ സംവിധാങ്ങളോ ഇല്ലാത്തതും പുലിയുടെ ജീവൻ രക്ഷിക്കുന്നതിന് വിലങ്ങു തടിയായി. പുലിയെ മയക്ക് വെടിവെച്ചു പ്രഥമിക ചികിത്സ നൽകിയ ശേഷം വയനാട്ടിലേക്ക് കൊണ്ടുപോകും വഴി ചത്തു എന്നാണാണ് വനം വകുപ്പധികൃതർ പറയുന്നത്. എന്നാല്‍ കാഞ്ഞങ്ങാട് വനം വകുപ്പ് ഓഫിസീൽ വച്ച് പോസ്റ്റ്മോർട്ടം നടത്തിയ പുലിയുടെ ജഡം ഇവിടെത്തന്നെ സംസ്‌ക്കരിക്കുകയായിരുന്നു.
