രക്ഷപ്പെടുത്തിയത് പത്തിനും പതിനാലിനും ഇടയിൽ പ്രായമുള്ള 26 പെൺകുട്ടികളെ ബീഹാറിലെ ചമ്പാരൻ ഗ്രാമത്തിൽ നിന്നുള്ളവർ
ദില്ലി: മുസ്സാഫർപൂർ-ബാന്ദ്രാ ആവാധ് എക്സ്പ്രസ് ട്രെയിനിൽ നിന്നും മനുഷ്യക്കടത്തിന് ഇരകളായ 26 പെൺകുട്ടികളെ സിആർപിഎഫും ജിആർപിയും ചേർന്ന് രക്ഷപ്പെടുത്തി. സംശയകരമായ സാഹചര്യത്തിൽ അസ്വസ്ഥരായി കാണപ്പെട്ട പെൺകുട്ടികളെക്കുറിച്ച് യാത്രക്കാരൻ ട്വീറ്റ് ചെയ്തതിനെത്തുടർന്നാണ് പൊലീസ് എത്തി കുട്ടികളെ രക്ഷിച്ചത്. പെൺകുട്ടികൾ കരഞ്ഞു കൊണ്ട് ട്രെയിനിലിരിക്കുന്നത് ഇയാളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ട്വീറ്റ് ചെയ്ത് അരമണിക്കൂറിനുള്ളിൽ തന്നെ വാരണാസിയിലെയും ലക്നൗവിലെയും പൊലീസ് ഉദ്യോഗസ്ഥർ റെയിൽവേയുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചു. മനുഷ്യക്കടത്തിന്റെ ഭാഗമായിട്ടാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു.
ഗവൺമെന്റ് റെയിൽവേ പൊലീസ് ചൈൽഡ് ലൈനുമായി സഹകരിച്ചാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്. ഈ പെൺകുട്ടികൾക്കൊപ്പം 22ഉം 55നും ഇടയിൽ പ്രായമുള്ള രണ്ട് പുരുഷൻമാരുമുണ്ടായിരുന്നു. ബീഹാറിലെ ചമ്പാരനിൽ നിന്നുള്ളവരായിരുന്നു കുട്ടികൾ. ചോദ്യങ്ങൾക്കൊന്നും കൃത്യമായ ഉത്തരം നൽകാൻ കുട്ടികൾക്ക് കഴിയുമായിരുന്നില്ല. ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കുട്ടികളെ കൈമാറി. എല്ലാ പെൺകുട്ടികളും പത്തിനും പതിനാലിനും ഇടയിൽ പ്രായമുള്ളവരായിരുന്നു. മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ടന്നും പുരുഷൻമാരെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു.
