കോട്ടയം: തലയോലപ്പറമ്പിൽ എട്ട് വർഷം മുമ്പ് കാണാതായ സ്വകാര്യ പണമിടപാടുകാരൻ മാത്യുവിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വീണ്ടും ട്വിസ്റ്റ്. മാത്യുവിന്റെ മൃതദേഹം കുഴിച്ചിട്ടുവെന്ന് പ്രതി അനീഷ് പറഞ്ഞ കെട്ടിടത്തിനടിയില്‍ നിന്നും കണ്ടെടുത്ത അസ്ഥിക്കഷണം മനുഷ്യന്റേതല്ലെന്ന് പൊലീസ് വ്യക്തമാക്കി. പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെ കെട്ടിടത്തിന്റെ പരിസരത്ത് നിന്ന് അസ്ഥികഷണങ്ങള്‍ കണ്ടെത്തിയത്.

ഇതാണ് മനുഷ്യന്റേതല്ലെന്ന് പോലീസ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, കേസ് തെളിയിക്കാനാകുമെന്നതില്‍ ഒരു സംശയവുമില്ലെന്ന് എസ്‌പി കെ.ജി.സൈമണ്‍ പറഞ്ഞു. മൃതദേഹാവശിഷ്‌ടം കിട്ടിയില്ലെങ്കിലും പ്രതിക്കുമേല്‍ കൊലക്കുറ്റം ചുമത്താമെന്നും എസ്‌പി പറഞ്ഞു.

കള്ളനോട്ട് കേസിൽ പിടിയിലായ ടി.വി പുരം സ്വദേശി അനീഷാണ് മാത്യുവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് പൊലീസിനോട് സമ്മതിച്ചത്. ഇതിനെത്തുടര്‍ന്നാണ് മൃതദേഹം കുഴിച്ചിട്ടുവെന്ന് അനീഷ് പറഞ്ഞ സ്ഥലത്തെ ഇരുനില കെട്ടിടത്തിന്റെ അടിത്തറ പൊളിച്ച് പൊലീസ് പരിശോധിച്ചത്. മാത്യുവിനെ എട്ടുവര്‍ഷം മുന്‍പ് കൊന്ന് കുഴിച്ചുമൂടിയ സ്ഥലത്ത് ഇന്ന് മൂന്നുനില കെട്ടിടമാണ്.പ്രതി  അനീഷ് കൊല്ലപ്പെട്ട മാത്യുവില്‍ നിന്ന് പണം പലിശയ്ക്ക് വാങ്ങിയിരുന്നു.  വീടും സ്ഥലവും അനീഷ് ഈടായി നല്‍കി. പലിശ കൂടിയപ്പോള്‍ വീട്ടില്‍ നിന്ന് മാറാന്‍ മാത്യു ആശ്യപ്പെട്ടു.  ഇതാണ് കൊലപാതകത്തിന് കാരണം.