ഇസ്ലാമാബാദ്: വ്യാജ ചിത്രം ഉപയോഗിച്ച് ഇന്ത്യയെ അപകീര്‍ത്തിപരമായി ചിത്രീകരിക്കാന്‍ ശ്രമിച്ച പാക് പ്രതിരോധ സേനയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. വെരിഫൈ ചെയ്ത പാക് ഡിഫന്‍സ് എന്ന പേരിലുള്ള അക്കൗണ്ടാണ് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഒരു യുവതി പാകിസ്ഥാന്റെ മതേതര മൂല്യങ്ങളെ പുകഴ്ത്തുന്ന പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന വ്യാജ ചിത്രം പോസ്റ്റ് ചെയ്തതിനാണ് ട്വറ്ററിന്റെ നടപടി.

പ്രസ്തുത ചിത്രം മോര്‍ഫ് ചെയ്താണ് പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു. ചിത്രം പോസ്റ്റ് ചെയ്ത് അല്‍പസമയത്തിനകം തന്നെ അത് പിന്‍വലിക്കുകയായിരുന്നു. പാക് ഡിഫന്‍സ് ട്വിറ്റര്‍ അക്കൗണ്ടില്‍ മാത്രമല്ല ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. 

നേരത്തെ സുഷമ സ്വരാജ് പങ്കെടുത്ത ഐക്യരാഷ്ട്രസഭ സമ്മേളനത്തില്‍ കശ്മീരിലെ ഇന്ത്യന്‍ അതിക്രമങ്ങളുടെ ഇരയാണെന്ന കാണിച്ച് പ്രദര്‍ശിപ്പിച്ച ചിത്രം പാലസ്തീനില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തിയിരുന്നു.