മുംബൈ: മുംബൈയിലെ രത്നവ്യാപാരിയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. മുംബൈ സ്വദേശികളായ ദിനേഷ് പവാർ, സച്ചിൻ പവാർ എന്നിവരെയാണ് പിടിയിലായത്. 

പിടിയിലായ സച്ചിൻ പവാർ നേരത്തെ മഹാരാഷ്ട്ര മന്ത്രിസഭയിലെ ഭവന വകുപ്പ് മന്ത്രി പ്രകാശ് മേത്തയുടെ സ്റ്റാഫിലെ അംഗമായിരുന്നു. ഇയാളും കൊല്ലപ്പെട്ട രാജേശ്വരി കിഷോരിലാലും തമ്മിൽ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ ദിനേഷ് പവാർ മുംബൈ പൊലീസിലെ കോൺസ്റ്റബിളാണ്. എന്നാൽ ഇവരും കൊലപാതകവും തമ്മിലുള്ള ബന്ധം പൊലീസ് പുറത്തുവിട്ടില്ല. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഹിന്ദി മറാത്തി സീരിയിലുകളുടെ പ്രശസ്തയായ ദേവൂലീനാ ഭട്ടാചാര്യയെ പൊലീസ്  കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ വിശദമായി  ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. 

കഴിഞ്ഞ ദിവസമാണ് നവി മുംബൈയിലെ പൻവേലിനു സമീപം വജ്രവ്യാപാരിയായ രാജേശ്വരി കിഷോരിലാൽ ഉദാനിയുടെ മൃദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ഒരാഴ്ച്ച മുൻപ് ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതെതുടർന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.