തിരുവനന്തപുരം: മകളെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് വ്യാജ പരാതിയുണ്ടാക്കി പത്തു ലക്ഷം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ ദമ്പതികള്‍ അറസ്റ്റിൽ. ആരോപണ വിധേയന്റെ ബന്ധുക്കളിൽ നിന്നും പണം വാങ്ങുന്നതിനിടെയാണ് മുൻ പൊലീസുദ്യോഗസ്ഥനും ഭാര്യയും ഷാഡോ പൊലീസിന്റെ പിടിയിലായത്

മുൻ പൊലീസുദ്യോഗസ്ഥൻ പുഷ്ക്കരൻ നായരും രണ്ടാം ഭാര്യ ശശികലയും ചേർന്ന് ബ്ലാക്ക് മെയിലിങ് നടത്തിയെന്നാണ് പരാതി. വാടക വീടിന്റെ ഉടമയുടെ മരുകൻ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് കഴിഞ്ഞ മാസം 29ന് ശശികല കാട്ടക്കട പൊലീസില്‍ പരാതി നൽകി. ആരോപണ വിധേയനെ പൊലീസ് കസ്റ്റഡയിലെടുത്തു. പിന്നീട് പരാതിയില്ലെന്ന് ശശരികല പൊലീസിനെ അറിയച്ചതോടെ രാത്രിയിൽ ഇയാളെ വിട്ടയക്കുകയും ചെയ്തു. പത്ത് ലക്ഷം രൂപയുടെ ചെക്ക് വാങ്ങിയാണ് പരാതിക്കാരി പിൻമാറിയതെന്ന വിവരം ലഭിച്ച ഐ.ജി മനോജ് എബ്രഹാം രഹസ്യാന്വേഷണം ആരംഭിച്ചു. പിന്നീടാണ് കേസിൽ കുരുങ്ങിയവർ പരാതി ഐ.ജിക്ക് നൽകിയത്.

കൂടുതൽ അന്വേഷിച്ചതോടെ നേരത്തെയും നിരവധിപ്പേരെ ഇത്തരത്തിൽ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയിട്ടുണ്ടെന്ന് വിവരം കിട്ടി. കന്റോണ്‍മെന്റ് അസി.കമ്മീഷണർ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം ഇവരെ നിരീക്ഷിക്കാൻ തുടങ്ങി. പരാതിക്കാരാകട്ടെ, കാട്ടാക്കടയിലുള്ള ഒരു വീട്ടിൽ വച്ച് പണം നൽകാമെന്ന് ദമ്പതികൾക്ക് ഉറപ്പ് നൽകി. വീട്ടിലെത്തിയ പുഷ്കരൻ നായരും ഭാര്യയും ആറു ലക്ഷംരൂപ പണമായും നാലു ലക്ഷത്തിന് ചെക്കും വാങ്ങി. വാങ്ങുന്നതിനിടെ പൊലീസ് പിടികൂടുകയും ചെയ്തു. ബ്ലാക്ക് മെയിലിങ് നടത്തിയതിന് കേസെടുത്ത കാട്ടാക്കട പൊലീസ് ദമ്പതികളെ അറസ്റ്റ് ചെയ്തു.