പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 13 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും. തൃശൂര്‍ പോസ്‌കോ കോടതിയുടേതാണ് ഉത്തരവ്. തൃശ്ശൂര്‍ മനക്കൊടി സ്വദേശി അലക്‌സ്, അവണൂര്‍ സ്വദേശി ജോബി, എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

തൃശൂര്‍: പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 13 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും. തൃശൂര്‍ പോസ്‌കോ കോടതിയുടേതാണ് ഉത്തരവ്. തൃശ്ശൂര്‍ മനക്കൊടി സ്വദേശി അലക്‌സ്, അവണൂര്‍ സ്വദേശി ജോബി, എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2013 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. പേരാമംഗലത്ത് ഒരു വിവാഹത്തില്‍ പങ്കെടുക്കവേയാണ് പെണ്‍കുട്ടി അലക്‌സുമായി പരിചയപ്പെട്ടത്. 

പിന്നീട് ബന്ധം ഫോണിലൂടെ വളര്‍ന്നു. പെണ്‍കുട്ടിയെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയ അലക്‌സ് പല സ്ഥലങ്ങളില്‍ വച്ച് പല തവണകളായി പീഡിപ്പിക്കുകയായിരുന്നു. സുഹൃത്ത് ജോബി എല്ലാത്തിനും പിന്തുണ നല്‍കി. പെണ്‍കുട്ടിയെ കാണാനില്ലെന്ന് അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ജോബിയുടെ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്.

ജോബി പ്രേരണാ കുറ്റം മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും ഒന്നാം പ്രതിയ്ക്കുമേലുള്ള ബലാത്സംഗക്കുറ്റം തെളിഞ്ഞതിനാലാണ് അതേ ശിക്ഷ നല്‍കിയത്. ഇരയ്ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വീസസ് അതോറിര്‌റിയോട് കോടതി നിര്‍ദേശിച്ചു.