2017 ഡിസംബറിലാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍വച്ച് ജാർഖണ്ഡ് സ്വദേശിയായ സുരാധന്‍റെ കൈവശമുള്ള 46,000 രൂപ രേഖയില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടത്തി സംഘം തട്ടിയെടുത്തത്

ആലുവ: സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് ട്രെയിന്‍ യാത്രക്കാരില്‍നിന്ന് പണം തട്ടിയ രണ്ട് ഉത്തരേന്ത്യന്‍ സ്വദേശികളെ ആലുവയില്‍ പിടികൂടി. കോയന്പത്തൂരിലും ബെംഗളൂരുവിലും സമാന കേസുകളില്‍ പ്രതികളായ ഇവരുടെ കൂട്ടാളികള്‍ക്ക് വേണ്ടിയും തിരച്ചില്‍ തുടരുകയാണ്.

മധ്യപ്രദേശ് സ്വദേശികളായ സുനില്‍ സാഹു, ഗുലാബ് സിംഗ് ഠാക്കൂർ എന്നിവരെയാണ് റെയില്‍വേ പൊലീസിന്‍റെ സഹായത്തോടെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. 2017 ഡിസംബറിലാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍വച്ച് ജാർഖണ്ഡ് സ്വദേശിയായ സുരാധന്‍റെ കൈവശമുള്ള 46,000 രൂപ രേഖയില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടത്തി സംഘം തട്ടിയെടുത്തത്.

പൊലീസ് അന്വേഷണത്തില്‍ ബലം പ്രയോഗിച്ച് ഇവർ പണം തട്ടുന്ന സിസടിവി ദൃശ്യങ്ങളും തെളിവായി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം ആലുവയില്‍ വന്നിറങ്ങിയ ഇരുവരെയും റെയില്‍വേ പൊലീസ് പിടികൂടി പൊലീസിന് കൈമാറിയത്.

രാജ്യത്തിന്‍റെ വിവധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ആള്‍മാറാട്ടം നടത്തി കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാനികളാണിവർ. സംഘത്തിലുള്‍പ്പെട്ട ആന്ധ്രസ്വദേശി മാലാദ്രിക്കുവേണ്ടിയും തിരച്ചില്‍ ഊർജിതമാണ്.