പുകയില ഉത്പന്നങ്ങളുമായി രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി: വിദേശ സിഗററ്റുള്‍പ്പടെയുള്ള പുകയില ഉത്പന്നങ്ങളുമായി രണ്ട് പേര്‍ അലുവയില്‍ അറസ്റ്റില്‍. കാറിലും ബൈക്കിലുമായി കടത്തിയ പുകയില വസ്തുക്കളാണ് പിടിച്ചത്. തൂത്തുക്കുടിയില്‍ നിന്ന് കടത്തി കൊണ്ടു വരുന്ന പാന്‍പരാഗ് ഉള്‍പ്പടെയുള്ള പുകയില വസ്തുക്കള്‍, വിദേശ സിഗററ്റുകള്‍ ഇവയുള്‍പ്പടെ നിരവധി സാധനങ്ങളാണ് ആലുവയില്‍ പിടിച്ചത്.

പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് രണ്ട് പേര്‍ പിടിയിലായത്. ആലുവ സ്വദേശി ശ്രീകുമാറും,അലിയാരും. ഇതില്‍ ശ്രീകുമാര്‍ നാലാം തവണയാണ് സമാനമായ കേസില്‍ പിടിയിലാകുന്നത്. തൂത്തുക്കുടിയില്‍ നിന്ന് രണ്ട് രൂപാ നിരക്കില്‍ ലഭിക്കുന്ന പാന്‍പരാഗും, ഹാന്‍സും 20 രൂപക്കാണ് കടകളില്‍ കൊടുക്കുന്നത്. വിദേശസിഗററ്റുകളുടെ ആവശ്യക്കാര്‍ വന്‍കിട ക്ലബുകളും. ഒരു പാക്കറ്റിന് 500 രൂപ വരെ ലഭിക്കുമെന്ന് പോലീസ് പറഞ്ഞു.

അയ്യായിരം രൂപ പിഴയടച്ചാല്‍ ഇത്തരം കേസുകളില്‍ നിന്ന് രക്ഷപെടാമെന്നത് കൊണ്ടാണ് പിടിയിലാകുന്നവര്‍ വീണ്ടും ഇത്തരം കടത്തുകളില്‍ ഏര്‍പ്പെടുന്നതെന്ന് പോലീസ് പറഞ്ഞു. ഇത്തരം കേസുകളില്‍ സ്ഥിരം പിടിക്കപ്പെടുന്നവര്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികളുണ്ടാകണമെന്നാണ് അവശ്യമുയരുന്നത്.