തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നര കിലോ കഞ്ചാവുമായി അസാം സ്വദേശികൾ അറസ്റ്റിൽ. അസാമിലെ ഹോ ജായ് ജില്ലാ സ്വദേശികളായ സുജിത് ഷിൽ (36), മൃണാൾ അസർജി (25) എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. 

മണ്ണന്തല മുക്കോല ഭാഗങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ് വിൽപന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ പി പ്രകാശ് ഐ പി എസിന്റെ നിർദ്ദേശാനുസരണം മണ്ണന്തല എസ് ഐ രാകേഷ് , അഡിഷണൽ എസ് ഐ കൃഷ്ണ ലാൽ, ക്രൈം എസ് ഐ ബാബു സി പി ഒ മാരായ സിബി, രതീഷ്, നാസർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ വഴി എത്തിക്കുന്ന കഞ്ചാവ് ഇവർ ചെറു പൊതികളാക്കി വിൽപന നടത്തുകയാണ് പതിവ്. സ്ക്കൂൾ, കോളേജ് വിദ്യാർത്ഥികളും തൊഴിലാളികളും ഇവരിൽ നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്നുണ്ട്. പൊലീസ് പിടികൂടിയ കഞ്ചാവ് നാഗാലാന്റിൽ നിന്നും വാങ്ങി കടത്തിക്കൊണ്ടു വന്നതാണെന്നു തെളിഞ്ഞിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിലും ലേബർ ക്യാമ്പുകളിലും  പരിശോധന തുടരുമെന്ന് മണ്ണന്തല എസ് ഐ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.