ഗുരുതരമായി പരിക്കേറ്റ പിതാവ് ആശുപത്രിയിലാണ്

കാസർകോട്: ഞായറാഴ്ച്ച രാത്രി കാസർകോട് ഉണ്ടായ കൂട്ട വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പിഞ്ചു കുട്ടികൾ മരിച്ചു. ചൗക്കി അല്‍ജാര്‍ റോഡിലെ റജീസ്- മഹ്ഷൂമ ദമ്പതികളുടെ മക്കളായ മില്‍ഹാജ്(5) സഹോദരന്‍ ഇബ്രാഹിം ഷാസിൽ (7)എന്നീകുട്ടികളാണ്‌ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പിതാവ് റജീസ്‌ മംഗ്ലൂരു ആശുപത്രിയിൽ ചികിത്സയിലാണ്‌.

ഞായറാഴ്ച രാത്രി ഒൻപതു മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഒരു ടൂറിസ്റ്റ് ബസ് രണ്ട് കാറുകൾ, ഒരു ബുള്ളറ്റ്, ഒരു ബൈക്ക് എന്നിവയാണ് അപകടത്തിൽപ്പെട്ടത്. ബുള്ളറ്റിലായിരുന്നു മരിച്ച കുട്ടികൾ ഉണ്ടായിരുന്നത്. കാസർകോട് നഗരത്തിൽ വ്യാപാരിയായ റെജീസിന്റെ പിതാവ് മരിച്ചതിന്റെ ഒരുവർഷം തികയുന്ന ചടങ്ങിൽ പങ്കെടുക്കാനായി ഉപ്പയോടൊപ്പം ബൈക്കിൽ പോകവെയാണ് നാടിനു നൊമ്പരമായ അപകടം നടന്നത്.

ദേശീയ പാതയിൽ അടുക്കത്ത്‌ ബയലിലിൽ റോഡിലെ വലിയ കുഴി വെട്ടിക്കുന്നതിനിടയിലാണ് അപകടം. ബൈക്കിന്റെ പുറകിൽ ഇരിക്കുകയായിരുന്ന കുട്ടികൾ അപകടം നടന്നയുടൻ അതുവഴിവന്ന ടൂറിസ്റ്റ് ബസിനടിയിലേക്ക് അകപെടുകയായിരുന്നു. ഇതിൽ മിൽഹാജ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം ഷാസിൽ മംഗലാപുരം ആശുപത്രിയിൽ വെച്ചു തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്.അപകടത്തെ തുടർന്ന് ടൂറിസ്റ്റ് ബസിന്റെ അടിയിലേക്ക് തെറിച്ചു പോയ കുട്ടികളെ ഏറെ വൈകിയാണ് ബസ്സിന്റെ അടിയിൽ നിന്നും കണ്ടെത്തിയത്. 

ചെമ്മനാട് ജമാഅത്തു ഇഗ്ളീഷ് മീഡിയം സ്‌കൂളിലെ എൽ.കെ.ജി.വിദ്യാർത്ഥിയാണ് മിൽഹാജ്. ഇബ്രാ ഹിംഷാസിർ എൻ.എ.മോഡൽ സ്‌കൂളിലെ രണ്ടാം ക്‌ളാസ് വിദ്യാർത്ഥിയാണ്. മഹ്ഷൂമായാണ് മാതാവ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മറ്റ് വാഹനങ്ങൾ കൂട്ടിയിടിച്ചു നിരവധിപേർക്ക് പരിക്കേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.